പടിഞ്ഞാറൻ യു.പി പ്രചാരണ ചൂടിൽ; ഗൃഹസമ്പർക്ക പരിപാടിയുമായി രാഷ്ട്രീയപാർട്ടികൾ
|സ്ഥാനാർത്ഥികൾ കൂറുമാറുന്നത് കോൺഗ്രസിന് തലവേദന, ബി.ജെ.പിയിൽ നിന്നകന്ന് ഒ.ബി.സി നേതാക്കൾ
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പടിഞ്ഞാൻ യു.പിയിൽ പ്രചാരണം ചൂടുപിടിക്കുന്നു. തെരഞ്ഞെടുപ്പ് റാലികൾക്ക് വിലക്കുള്ളതിനാൽ വീട് കയറിയുള്ള പ്രചാരണത്തിനാണ് ഉത്തർപ്രദേശിൽ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധ നൽകുന്നത്. ഫെബ്രുവരി പത്തിനാണ് ഈ മേഖലയിൽ വോട്ടെടുപ്പ് നടക്കുന്നത്.
കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവരാണ് ബി.ജെ.പി ക്യാമ്പിലെ താരപ്രചാരകർ. ഡൽഹി അതിർത്തി പ്രദേശമായ ഗാസിയബാദിലാണ് യോഗി ആദിത്യനാഥ് എത്തിയത്. ഒബിസി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതോടെ വർഗീയതയിൽ ഊന്നിയ പ്രചരണമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് ആക്ഷേപം. സമാജ് വാദി പാർട്ടി ഭരിച്ചപ്പോൾ ഗാസിയബാദിൽ ഹജ്ജ് ഹൗസ് ആണ് നിർമ്മിച്ചതെന്നും ബി.ജെ.പി അധികാരത്തിൽ എത്തിയപ്പോൾ ഹരിദ്വാറിലേക്കുള്ള കാവടി തീർത്ഥാടകർക്കായി മാനസ സരോവർ ഭവൻ നിർമിച്ചതായും യോഗി പ്രചാരണത്തിനിടെ പറഞ്ഞു.
ഫത്തേഹ ബാദ് എം.എൽ.എ യായ ജിതേന്ദ്രവർമ എസ്.പിയിൽ ചേർന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.ഇതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബി.ജെ.പി വിട്ട് സമാജ്‍വാദി പാർട്ടിയിൽ ചേരുന്ന എം.എൽ.എമാരുടെ എണ്ണം 14 ആയി. സ്ഥാനാർഥികളാക്കിയവർ പോലും മറ്റു പാർട്ടികളിലേക്ക് ചേക്കേറുന്നത് കോൺഗ്രസിന് തലവേദനയാണ്. കോൺഗ്രസിന് വേരോട്ടമുള്ള രാമ്പൂർ ജില്ലയിലെ സുവാർ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയായ ഹൈദരലി ഖാൻ കൂറുമാറി എൻ.ഡി.എ സ്ഥാനാർഥിയായി.