India
yogi adityanath
India

രാജ്യവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവ്; പുതിയ ​സാമൂഹിക മാധ്യമ നയവുമായി യു.പി

Web Desk
|
28 Aug 2024 7:58 AM GMT

സാമൂഹിക മാധ്യമങ്ങളിൽ സർക്കാർ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എട്ട് ലക്ഷം വരെ പ്രതിഫലം

ലഖ്നൗ: പുതിയ സാമൂഹിക മാധ്യമ നയത്തിന് ഉത്തർ പ്രദേശ് മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ വിവിധ പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാന വിവര വകുപ്പാണ് നയങ്ങൾ രൂപീകരിച്ചത്.

പുതിയ നയമനുസരിച്ച് രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ​ പോസ്റ്റ് ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണ്. മൂന്ന് വർഷം മുതൽ ജീവപര്യന്തം തടവ് വരെയുള്ള ശിക്ഷയാണ് ഇതിന് ലഭിക്കുക. മുമ്പ് ഇൻ​ഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 66ഇ, 66 എഫ് എന്നിവ പ്രകാരമാണ് ഈ കേസുകൾ കൈകാര്യം ചെയ്തിരുന്നത്. പുതിയ നയമനുസരിച്ച് ഓൺലൈനിൽ അപകീർത്തികരമായതും അശ്ലീലവുമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നത് ക്രമിനൽ മാനനഷ്ട നടപടികൾക്ക് കാരണമാകും.

സർക്കാർ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഫോളോവേഴ്സിന്റെയും സബ്സ്ക്രൈബർമാരുടെയും എണ്ണത്തിന് അനുസരിച്ച് പ്രതിമാസം എട്ട് ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, അക്കൗണ്ട് ഉടമകൾ, ഓപ്പറേറ്റർമാർ എന്നിവർക്കാണ് പ്രതിഫലം നിശ്ചയിച്ചിട്ടുള്ളത്.

എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവക്കുള്ള പരാമാവധി പ്രതിഫല തുക യഥാക്രമം അഞ്ച് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ്. യൂട്യൂബിൽ വിഡിയോസ്, ഷോർട്ട്സ്, പോഡ്​കാസ്റ്റ് എന്നിവക്ക് യഥാക്രമം എട്ട് ലക്ഷം, ഏഴ് ലക്ഷം, ആറ് ലക്ഷം എന്നിങ്ങനെയുമാണ്.

പരസ്യങ്ങൾ കൈകാര്യം ചെയ്യാനായി ‘വി​-ഫോം’ എന്ന ഡിജിറ്റൽ ഏജൻസിയെയും സർക്കാർ ചുമതലപ്പെടുത്തി. വിഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ എന്നിവ പ്രദർ​ശിപ്പിക്കാനുള്ള ഉത്തരവാദിത്തം ഈ ഏജൻസിക്കായിരിക്കും. ചട്ടങ്ങൾ രൂപീകരിച്ചാലുടൻ പുതിയ നയം പ്രാബല്യത്തിൽ വരും.

Similar Posts