മുസഫർനഗർ കലാപം; കൊള്ളയടക്കം 77 കേസുകൾ യു.പി സര്‍ക്കാര്‍ പിന്‍വലിച്ചു
|പിന്‍വലിച്ച കേസുകൾ ഹൈക്കോടതി പുനരവലോകനം ചെയ്യേണ്ടതുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 77 കേസുകൾ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിൽ ഒരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല.
കലാപത്തിൽ ആകെ 510 കേസുകളാണ് എടുത്തതെന്നും 6869 പ്രതികളുണ്ടെന്നും, സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്കു വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു. 510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്തു.
തുടര്‍ന്നാണ്, സി.ആർ.പി.സിയിലെ 321ാം വകുപ്പ് പ്രകാരം 77 കേസുകള്‍ പിൻവലിച്ചതായി സർക്കാർ അറിയിച്ചത്. ഈ കേസുകൾ ഹൈക്കോടതി പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.