India
യു.പിയിലെ ആശുപത്രിയിൽ നമസ്‌കരിച്ച യുവതിക്കെതിരെ കേസ്
India

യു.പിയിലെ ആശുപത്രിയിൽ നമസ്‌കരിച്ച യുവതിക്കെതിരെ കേസ്

Web Desk
|
23 Sep 2022 1:44 PM GMT

നമസ്‌കാരം നടത്തിയ സ്ത്രീ ആരാണെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ബെയ്‌ലി ആശുപത്രി ഇൻചാർജ് മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കുമാർ അഖൗരി പറഞ്ഞു.

ലഖ്‌നോ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നമസ്‌കരിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്തു. പ്രയാഗ്‌രാജിലെ സ്റ്റാൻലി റോഡിൽ തേജ് ബഹാദൂർ സപ്രു (ബെയ്‌ലി) ആശുപത്രിയിൽ രോഗിക്കൊപ്പം എത്തിയതായിരുന്നു യുവതി. ഡെങ്കിപ്പനി വാർഡിന് സമീപമാണ് യുവതി നമസ്‌കരിച്ചത്.

അവിടെയുണ്ടായിരുന്ന ചിലർ യുവതിയുടെ നമസ്‌കാരം മൊബൈലിൽ പകർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സംഭവത്തിൽ ഇടപെട്ട മെഡിക്കൽ സൂപ്രണ്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. നമസ്‌കാരം നടത്തിയ സ്ത്രീ ആരാണെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ബെയ്‌ലി ആശുപത്രി ഇൻചാർജ് മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കുമാർ അഖൗരി പറഞ്ഞു.

അതേസമയം, പൊതുസ്ഥലങ്ങളിൽ നമസ്‌കരിക്കാൻ ഗൂഢാലോചന നടക്കുന്നതായി അഖിലേന്ത്യാ ധർമയാത്രാ ഫെഡറേഷൻ നേതാവ് പവൻ ശ്രീവാസ്തവ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ദിനംപ്രതി പുറത്തുവരുന്നെന്നും ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പവൻ ശ്രീവാസ്തവ പറഞ്ഞു.

കേസെടുത്തതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ആരെങ്കിലും ആശുപത്രിയിൽ അഡ്മിറ്റായാൽ ബന്ധുക്കൾക്ക് അവരെ പരിചരിക്കേണ്ടതുണ്ട്. അതിനിടയിൽ ആശുപത്രിയുടെ ഏതെങ്കിലും മൂലയിൽ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്തവിധം നമസ്‌കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. ഇതിലെ കുറ്റമെന്താണ്? യു.പി പൊലീസിന് വേറെ പണിയൊന്നുമില്ലേ? എവിടെയെങ്കിലും നമസ്‌കരിച്ചാൽ അവർക്കെതിരെ കേസെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Similar Posts