ഐആര്‍എസ് ഓഫീസര്‍ ചമഞ്ഞ് വനിതാ ഡിഎസ്‍പിയെ വിവാഹം കഴിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു; വിവാഹതട്ടിപ്പുകാരന്‍ അറസ്റ്റില്‍
|2018ലാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട രോഹിത് രാജ് എന്നയാളെ ശ്രേഷ്ഠ വിവാഹം കഴിക്കുന്നത്
ലഖ്നൗ: ഐആര്‍എസ് ഓഫീസറെന്ന വ്യാജേനെ വനിതാ ഡിഎസ്പിയെ കബളിപ്പിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത വിവാഹതട്ടിപ്പുവീരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ 'ലേഡി സിങ്കം' എന്നറിയപ്പെടുന്ന 2012 ബാച്ചിലെ ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് കബളിപ്പിക്കപ്പെട്ടത്.
2018ലാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട രോഹിത് രാജ് എന്നയാളെ ശ്രേഷ്ഠ വിവാഹം കഴിക്കുന്നത്. 2008 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണെന്നും റാഞ്ചിയിലെ ഡെപ്യൂട്ടി കമ്മീണറാണ് താനെന്നുമാണ് രോഹിത് ശ്രേഷ്ഠയോട് പറഞ്ഞിരുന്നത്. കുടുംബം നടത്തിയ അന്വേഷണത്തില്‍ രോഹിത് എന്ന ഉദ്യോഗസ്ഥനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹശേഷം രോഹിത് രാജ് എന്ന ഐആർഎസ് ഉദ്യോഗസ്ഥനല്ല തന്‍റെ ഭര്‍ത്താവെന്നും ആ പേരില്‍ കബളിപ്പിച്ചതാണെന്നും ശ്രേഷ്ഠ മനസിലാക്കി. കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ വനിതാ ഡിഎസ്പി തന്‍റെ ദാമ്പത്യ ജീവിതം തകരാതിരിക്കാന്‍ ഇത് രഹസ്യമാക്കി വച്ചു. എന്നാല്‍ തന്‍റെ ഭര്‍ത്താവ് തന്‍റെ പേരില്‍ മറ്റുള്ളവരെ പറ്റിക്കാന്‍ തുടങ്ങിയതോടെ ശ്രേഷ്ഠ രണ്ടു വര്‍ഷത്തിനു ശേഷം രോഹിതില്‍ നിന്നും വിവാഹമോചനം നേടുകയും ചെയ്തു. ഇതുകൊണ്ടൊന്നും പ്രശ്നം അവസാനിച്ചില്ല. രോഹിത് തന്‍റെ കബളിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ശ്രേഷ്ഠ രോഹിതിനെതിരെ ഗസിയാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തന്‍റെ പേരില്‍ രോഹിത് ആളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി ശ്രേഷ്ഠയുടെ പരാതിയില്‍ പറയുന്നു. ലഖ്നൗവില്‍ സ്ഥലം വാങ്ങുന്നതിനായി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 15 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് സ്വന്തം അക്കൗണ്ടിലേക്ക് മുന്‍ഭര്‍ത്താവ് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും പരാതിയിലുണ്ട്. രോഹിത് പറ്റിക്കുകയാണെന്നറിഞ്ഞിട്ടും ഭര്‍ത്താവിന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തതായും പരാതിയില്‍ പറയുന്നു. ''രോഹിതിനെ പൂർണമായി പിന്തുണച്ചിട്ടും പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. എൻ്റെ തസ്തികയും പേരും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചും വഞ്ചിച്ചും പലരിൽ നിന്നും വൻ തുക പിരിച്ചെടുക്കുന്നത് തുടർന്നു.ഈ വിഷയത്തിൽ രോഹിതിനോടും കുടുംബത്തോടും സംസാരിച്ചതിന് ശേഷം രോഹിതും കുടുംബവും എന്നെ ഉപദ്രവിക്കാൻ തുടങ്ങി.രോഹിത് രാജ് സിംഗ് എന്നെ മർദിക്കുകയും എൻ്റെ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.രോഹിതും സഹോദരനും പിതാവും ചേര്‍ന്ന് തന്‍റെ എടിഎം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്തുവെന്നും ശ്രേഷ്ഠ പറഞ്ഞു.
''വിവാഹമോചനത്തിന് ശേഷം ഗസിയാബാദിലെ കൗശാമ്പിയായിരുന്നു രോഹിതിന്‍റെ പുതിയ തട്ടിപ്പുകേന്ദ്രം. ഡൽഹിയിലെ ഇൻകം ടാക്‌സ് കമ്മീഷണറാണ് താനെന്നായിരുന്നു രോഹിത് പറഞ്ഞത് . രണ്ടു വർഷം മുമ്പ് വീണ്ടും വിവാഹിതനായി.എന്‍റെ ചെറിയ കുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്‌ത് ഇയാൾ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി'' ശ്രേഷ്ഠ വിശദീകരിച്ചു. വെള്ളിയാഴ്ചയാണ് രോഹിത് സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ഇന്ദ്രപുരം എസിപി സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു.