യു.പിയിൽ യുവതിക്ക് 4,950 രൂപയുടെ വൈദ്യുതി ബില്ലടച്ചപ്പോൾ കിട്ടിയത് 197 കോടിയുടെ രസീത് !
|വീട്ടുകാർ വൈദ്യുതി ഓഫീസിലെത്തി ജീവനക്കാരോട് ചോദിച്ചപ്പോഴാണ് 197 കോടിക്കു പിന്നിലെ കാരണം മനസിലായത്.
ലഖ്നൗ: ഉത്തർപ്രദേശിൽ 5000 രൂപയിൽ താഴെയുള്ള വൈദ്യുതി ബില്ലടച്ച വീട്ടുകാർക്ക് കിട്ടിയത് 197 രൂപയുടെ രസീത്. ഗോരഖ്പൂരിലെ ചൊഹാരി ദേവിയും കുടുംബവുമാണ് വൈദ്യുതി ഓഫീസിൽ നിന്നും കിട്ടിയ രസീത് കണ്ട് ഞെട്ടിയത്. 4950 രൂപയായിരുന്നു കുടുംബത്തിന്റെ വൈദ്യുതി ബിൽ.
ഇതടയ്ക്കാനായി ചൊഹാരി ദേവിയുടെ മകനാണ് വൈദ്യുതി ഓഫീസിലേക്ക് പോയത്. എന്നാൽ കിട്ടിയ രസീതിലുണ്ടായിരുന്നത് 197 കോടി രൂപ എന്നായിരുന്നു. എന്നാൽ ഇതേക്കുറിച്ച് മകന് ഒന്നും മനസിലായില്ല.
വീട്ടിൽ വന്ന് കാര്യം പറഞ്ഞപ്പോൾ രസീതുമായി മാതാപിതാക്കൾ വൈദ്യുതി ഓഫീസിലേക്ക് പോയി. മുതിർന്ന ഉദ്യോഗസ്ഥരോട് കാര്യം അന്വേഷിച്ചു. അവർ ബില്ലിങ് സെക്ഷനിലെ ജീവനക്കാരോട് ചോദിച്ചപ്പോഴാണ് 197 കോടിക്കു പിന്നിലെ കാരണം മനസിലായത്.
യുവതിയുടെ വീടിന്റെ ഉപഭോക്തൃ നമ്പർ 197****000 ആണ്. ക്യാഷ്യർ പേയ്‌മെന്റ് എൻട്രി നടത്തുമ്പോൾ ബിൽ തുകയ്ക്കായി നൽകിയ കോളത്തിൽ തുകയ്ക്ക് പകരം ഉപഭോക്താവിന്റെ 10 അക്ക കണക്ഷൻ ഐ.ഡി തെറ്റായി കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു. കംപ്യൂട്ടറിൽ നടത്തിയ പരിശോധനയിലാണ് പിശക് കണ്ടെത്തിയത്.
തുടർന്ന്, ലഖ്‌നൗവിലെ ശക്തിഭവനിൽ സ്ഥിതി ചെയ്യുന്ന ഡാറ്റാ സെന്ററിന്റെ നിർദേശപ്രകാരം പേയ്‌മെന്റ് റദ്ദാക്കി. ബിൽ തുകയ്ക്ക് പകരം ഉപഭോക്താവിന്റെ കണക്ഷൻ ഐ.ഡി നമ്പറാണ് കാഷ്യർ നൽകിയതെന്ന് ഗൊരഖ്പൂർ ഡിസ്ട്രിബ്യൂഷൻ ചീഫ് എഞ്ചിനീയർ അഷു കാലിയ പറഞ്ഞു. 'അച്ചടി പിശക് മൂലമാണ് അങ്ങനെ സംഭവിച്ചത്. അത് ഉടനടി കണ്ടെത്തി. രസീത് ശരിയാക്കി നൽകി'- അദ്ദേഹം വിശദമാക്കി.