India
ഇന്റർനെറ്റ് സേവനമില്ലാതെ ഇനി പണമിടപാട് നടത്താം; പുതിയ സംവിധാനം അവതരിപ്പിച്ചു
India

ഇന്റർനെറ്റ് സേവനമില്ലാതെ ഇനി പണമിടപാട് നടത്താം; പുതിയ സംവിധാനം അവതരിപ്പിച്ചു

Web Desk
|
9 March 2022 12:30 PM GMT

നിലവിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാർട്‌ഫോണുകളിൽ മാത്രമാണ് യുപിഐ സേവനം ലഭിക്കുന്നത്

ഇന്റർനെറ്റ് സേവനമില്ലാതെ തന്നെ ഇനിമുതൽ ഫീച്ചർ ഫോണുകളിലൂടെ പണമിടപാട് നടത്താം. ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐയുടെ ഫീച്ചർ ഫോണിൽ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചു. 'യുപിഐ 123 പേ' എന്ന പേരിലുള്ള സംവിധാനം ചൊവ്വാഴ്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ സേവനത്തിലൂടെ രാജ്യത്ത് നിലവിലുള്ള 40 കോടി ഫീച്ചർഫോൺ ഉപഭോക്താക്കൾക്കും രാജ്യത്തെ ബൃഹത്തായ യുപിഐ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകാൻ സാധിക്കും.

നിലവിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാർട്‌ഫോണുകളിൽ മാത്രമാണ് യുപിഐ സേവനം ലഭിക്കുന്നത്. എന്നാൽ ഇനി മുതൽ ഫീച്ചർ ഫോൺ ഉടമകൾക്കും തങ്ങളുടെ ഫോൺ ഉപയോഗിച്ച് പണമയക്കാനും സ്വീകരിക്കാനും സാധിക്കും. യുപിഐ ഇടപാട് നിർവഹിക്കാൻ ഫീച്ചർ ഫോണിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രധാനം. ഡെബിറ്റ് കാർഡ് വിവരങ്ങൾ കൈമാറിയാണ് ഇത് നിർവഹിക്കുന്നത്. മിസ്ഡ് കോൾ, ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോൺസ് സംവിധാനം, ഫീച്ചർഫോണുകളിലെ ആപ്പ് സംവിധാനം, പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്ടിത ഇടപാട് എന്നിവ വഴി ഇടപാട് നടത്താൻ സാധിക്കും.

മിസ്ഡ് കോൾ സംവിധാനത്തിലൂടെ വളരെ വേഗത്തിൽ പണം കൈമാറാനും ബില്ല് അടയ്ക്കാനും സാധിക്കും. കടയിൽ പരസ്യപ്പെടുത്തിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ച് ഇടപാട് നടത്താൻ കഴിയും വിധമാണ് സംവിധാനം.

മുൻകൂട്ടി നിശ്ചയിച്ച നമ്പറിലേക്ക് ഫീച്ചർ ഫോണിൽ നിന്ന് വിളിച്ച് യുപിഐ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനമാണ് ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോൺസ് സംവിധാനം. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്റർനെറ്റ് കണക്ഷനില്ലാതെ തന്നെ ഇടപാട് നടത്താൻ കഴിയുംവിധാനമാണ് ക്രമീകരണം.

ശബ്ദ തരംഗങ്ങൾ ഉപയോഗിച്ചും ഇടപാട് നടത്തുന്ന സംവിധാനമാണ് പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്ടിത ഇടപാട്. സമ്പർക്കരഹിത, ഓഫ്ലൈൻ, പ്രോക്സിമിറ്റി ഡേറ്റ കമ്മ്യൂണിക്കേഷൻ എന്നിവ വഴി ഫീച്ചർ ഫോണുകളിലൂടെ ഇടപാട് നടത്താൻ കഴിയുമെന്ന് ആർബിഐ അറിയിച്ചു.

Related Tags :
Similar Posts