പൂജ ഖേദ്കറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ യു.പി.എസ്.സി; ഭാവി പരീക്ഷകളിൽ നിന്ന് വിലക്കും
|ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതായി കമ്മീഷൻ അറിയിച്ചു
ന്യൂഡൽഹി: ഐ.എ.എസ് ട്രെയ്നി പൂജ ഖേദ്കറിനെതിരെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) കേസ് നൽകി. ഐ.എ.എസ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് യു.പി.എസ്.സി പൂജയ്ക്ക് അയച്ചു. പൂജയെ ഭാവി പരീക്ഷകളിൽ നിന്ന് വിലക്കുമെന്ന് യു.പി.എസ്.സി പ്രസ്താവനയിൽ പറഞ്ഞു. പൂജക്കെതിരെയുള്ള ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയതായി കമ്മീഷൻ പറഞ്ഞു. 2023 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് പൂജ.
പരീക്ഷാ ചട്ടങ്ങൾക്കപ്പുറം വ്യാജ ഐഡന്റിറ്റി കെട്ടിച്ചമയ്ക്കാൻ പൂജ ശ്രമിച്ചതായി അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. സ്വന്തം പേര്, അച്ഛൻ്റെയും അമ്മയുടെയും പേര്, ഫോട്ടോ, ഒപ്പ്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവയിൽ മാറ്റം വരുത്താൻ പൂജ ശ്രമിച്ചു. അവർക്കെതിരെ പൊലീസിൽ കേസ് നൽകുകയും എഫ്.ഐ.ആർ ഫയൽ ചെയ്തുകൊണ്ട് ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചതായും യു.പി.എസ്.സി പ്രസ്താവനയിൽ പറഞ്ഞു.
'യു.പി.എസ്.സി അതിൻ്റെ എല്ലാ പരീക്ഷാ പ്രക്രിയകളുടെയും പവിത്രത ഏറ്റവും നീതിയോടെയും നിയമങ്ങൾ കർശനമായി പാലിച്ചും ഉറപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും ഉദ്യോഗാർഥികളിൽ നിന്നും വളരെ ഉയർന്ന വിശ്വാസ്യതയ യു.പി.എസ്.സിക്കുണ്ട്. അത്തരം ഉയർന്ന വിശ്വാസ്യത കേടുകൂടാതെയും വിട്ടുവീഴ്ചയില്ലാതെയും തുടരുന്നുവെന്ന് ഉറപ്പാക്കാൻ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്.'- പ്രസ്താവനയിൽ പറയുന്നു.
പൂജ തന്‍റെ സ്വകാര്യ ഔഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചത് വിവാദമായിരുന്നു. കാറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ബോര്‍ഡും പൂജ സ്ഥാപിച്ചിരുന്നു. വി.ഐ.പി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന അന്യായമായ ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചിരുന്നു. നിയമപ്രകാരം ഒരു ട്രയിനിക്ക് ഈ സൗകര്യങ്ങളൊന്നും അനുവദനീയമല്ല.
കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നൽകിയ പൂജ, കാഴ്ചവൈകല്യത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയർന്നിരുന്നു. പൂജയ്ക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പൂജയുടെ അമ്മ മനോരമ ഖേദ്കറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.