''ആ പെൺകുട്ടി ഞങ്ങളുടെ ആരുമല്ല''; സംഘ്പരിവാർ പ്രചാരണം തള്ളി ശബാന ആസ്മി
|ടെലിവിഷൻ താരം ഉർഫി ജാവേദിന്റെ ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു ജാവേദ് അക്തറിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നത്
ടെലിവിഷൻ താരം ഉർഫി ജാവേദിനെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ കൊച്ചുമകളാക്കി സമൂഹമാധ്യമങ്ങളിൽ സംഘ്പരിവാർ പ്രചാരണം. മുംബൈ വിമാനത്താവളത്തിൽനിന്നുള്ള ഉർഫിയുടെ ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു ജാവേദ് അക്തറിന്റെ ആർഎസ്എസ് വിമർശനത്തിന് സംഘ്പരിവാർ അനുകൂലികൾ പൊങ്കാലയിട്ടത്. ഒടുവിൽ, ഉർഫി തങ്ങളുടെ ആരുമല്ലെന്ന വിശദീകരണവുമായി ജാവേദ് അക്തറിന്റെ ഭാര്യയും നടിയുമായ ശബാന ആസ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പേരിന്റെ അവസാനം ജാവേദ് ആയതുകൊണ്ട് തന്നെ ജാവേദ് അക്തറുമായി ബന്ധപ്പെടുത്തുന്നത് തമാശയാണെന്ന് ഉർഫിയും പ്രതികരിച്ചു.
ശരീരഭാഗങ്ങൾ കാണുന്ന തരത്തിൽ ജാക്കറ്റ് ധരിച്ച് വിമാനത്താവളത്തിലൂടെ നീങ്ങുന്ന ഉർഫിയുടെ ചിത്രമാണ് സംഘ്പരിവാർ ജാവേദ് അക്തറിനെതിരെ ആയുധമാക്കിയത്. ആർഎസ്എസും ബജ്രങ്ദൾ പോലുള്ള ഹിന്ദു സംഘങ്ങളും താലിബാനെപ്പോലെയാണെങ്കിൽ ഇന്ത്യയിൽ ഇത്തരം വസ്ത്രം ധരിച്ച് ഉർഫിക്ക് നടക്കാനാകുമോയെന്നായിരുന്നു ചോദ്യമുയർന്നത്. ജാവേദ് അക്തറിന്റെ കൊച്ചുമകൾ ഉർഫി ജാവേദ് ആണിതെന്നു പരിചയപ്പെടുത്തിയായിരുന്നു പ്രചാരണം. വ്യാജപ്രചാരണം പൊളിഞ്ഞതോടെ ഇന്ത്യന്‍ സംസ്കാരത്തിനു വിരുദ്ധമായ വസ്ത്രങ്ങളണിഞ്ഞു പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായി ഉർഫിക്കെതിരായ വിമർശനങ്ങൾ.
She is not related to us on anyway . Stop spreading lies ! https://t.co/QGaocn4eGV
— Azmi Shabana (@AzmiShabana) September 8, 2021
ഇതോടെ ഉർഫി തന്നെ പ്രതികരണവുമായി രംഗത്തെത്തി. വേണമെങ്കിൽ വിവസ്ത്രയായും താൻ പുറത്തിറങ്ങുമെന്നും ഇങ്ങനെയൊക്കെയാണ് താനെന്നുമായിരുന്നു അവരുടെ പ്രതികരണം. ''വസ്ത്രത്തിലും വലിയ കാര്യങ്ങൾ ഒരുപാടുണ്ട് എനിക്ക്. എന്നെക്കുറിച്ച് ഒരു വ്യക്തിയെന്ന നിലയ്ക്ക് ആളുകൾ സംസാരിക്കാത്തത് എന്തുകൊണ്ടാണ്? ഞാനെന്തു പോസ്റ്റ് ചെയ്താലും ആളുകളിങ്ങനെ പലതും പറഞ്ഞുകൊണ്ടിരിക്കും. ബിക്കിനിയായാലും സൽവാറായാലും വൃത്തികെട്ട പ്രതികരണങ്ങളുണ്ടാകും'' ഉർഫി കൂട്ടിച്ചേർത്തു.
നേരത്തെ, ആർഎസ്എസിനെ താലിബാനുമായി താരതമ്യം ചെയ്തതിന് ജാവേദ് അക്തറിനെതിരെ വ്യാപകമായ തോതില്‍ സമൂഹമാധ്യമ കാംപയിൻ നടന്നിരുന്നു. ആർഎസ്എസിനോട് മാപ്പുപറയുന്നതു വരെ ജാവേദ് അക്തർ ഭാഗമാകുന്ന ചിത്രങ്ങൾ രാജ്യത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി മഹാരാഷ്ട്ര എംഎൽഎയും ബിജെപി വക്താവുമായ രാം കദം അടക്കമുള്ള പ്രമുഖ നേതാക്കളും രംഗത്തെത്തി.
ദിവസങ്ങൾക്കുമുൻപ് എൻഡിടിവിയോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് ജാവേദ് അക്തറിനെതിരെ വിദ്വേഷ പ്രചാരണമുണ്ടായത്. താലിബാൻ ഇസ്ലാമിക രാജ്യം ആഗ്രഹിക്കുന്ന പോലെ തന്നെ ഹിന്ദു രാഷ്ട്രം ലക്ഷ്യമിടുന്നവരുമുണ്ട്. മുസ്ലിമായാലും ക്രിസ്ത്യാനിയായാലും ജൂതനായാലും ഹിന്ദുവായാലും ഇവർക്കെല്ലാം ഒരേ മനോഭാവമാണെന്നായിരുന്നു ജാവേദ് അക്തർ അഭിമുഖത്തിൽ പറഞ്ഞത്.