India
US Student With Peanut Allergy Dies After Restaurant Changed Its Recipe
India

പീനട്ട് അലർജി, ഹോട്ടലിലെ റെസിപ്പി മാറിയത് അറിഞ്ഞില്ല; യുവതിക്ക് ദാരുണാന്ത്യം

Web Desk
|
28 Nov 2024 6:14 AM GMT

അലർജി മൂലം ചില റസ്റ്ററന്റുകൾ മാത്രം തിരഞ്ഞെടുത്ത് ഇവിടുത്തെ ഒരു വിഭവം തന്നെ ഓർഡർ ചെയ്ത് കഴിക്കുകയായിരുന്നു യുവതിയുടെ പതിവ്

ടെക്‌സസ്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവതിക്ക് പീനട്ട് അലർജി മൂലം ദാരുണാന്ത്യം. യുഎസിലെ ടെക്‌സസ് സ്വദേശിയായ കോളജ് വിദ്യാർഥിനി ആലിസൺ പിക്കറിങ് (23) ആണ് മരിച്ചത്. ഭക്ഷണത്തിൽ പീനട്ട് ഉണ്ടെന്ന് അറിയാതെ യുവതി ഇത് കഴിക്കുകയും അൽപസമയത്തിനുള്ള മരണം സംഭവിക്കുകയുമായിരുന്നു.

ചെറുപ്പം തൊട്ടേ ആലിസണ് പീനട്ട് അലർജി ഉള്ളതായാണ് കുടുംബം അറിയിക്കുന്നത്. ഇത് മൂലം ചില റസ്റ്ററന്റുകൾ മാത്രം തിരഞ്ഞെടുത്ത് ഇവിടുത്തെ ഒരു വിഭവം തന്നെ ഓർഡർ ചെയ്ത് കഴിക്കുകയായിരുന്നു യുവതിയുടെ പതിവ്. മാഹി മാഹി എന്ന മത്സ്യം കൊണ്ടുണ്ടാക്കുന്ന വിഭവമാണിത്. പൊതുവേ ഇതിൽ പീനട്ട് ഉപയോഗിക്കാറില്ല.

കഴിഞ്ഞ ദിവസം പോയ റസ്റ്ററന്റിൽ എന്നാൽ വിഭവത്തിന്റെ റെസിപ്പി മാറിയിരുന്നു. ഇതിൽ പീനട്ട് സോസ് ഉണ്ടെന്നറിയാതെ ആലിസൺ ഇത് ഓർഡർ ചെയ്യുകയും ഭക്ഷണം കഴിച്ചയുടൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുകയുമായിരുന്നു. വിഭവത്തിൽ പീനട്ട് ഉണ്ടെന്ന് റസ്റ്ററന്റ് വെളിപ്പെടുത്തിയിരുന്നില്ല. സ്ഥിരം പോകുന്ന റസ്റ്ററന്റ് ആയിരുന്നത് കൊണ്ടു തന്നെ ആലിസൺ ഇത് ചോദിച്ചതുമില്ല.

എന്നാൽ സംഭവം മനസ്സിലായ ആലിസൺ ഉടൻ തന്നെ തന്റെ മരുന്നുകളെടുത്ത് കഴിച്ച് ആംബുലൻസിനെ വിവരമറിയിച്ചു. ആംബുലൻസിലേക്ക് യുവതി നടന്നാണ് കയറിയതെന്നാണ് കുടുംബം അറിയിക്കുന്നത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ വഷളായി. അനഫൈലാക്റ്റിക് ഷോക്ക് എന്ന അതിഭീകരമായ അലർജിക് റിയാക്ഷൻ ആണ് പിന്നീട് യുവതിക്ക് സംഭവിച്ചത്. അവയവയങ്ങളിലേക്ക് രക്തം എത്താത്ത അവസ്ഥയെത്തി, പിന്നീട് ബോധക്ഷയവും ശ്വാസതടസ്സവും.. അധികം വൈകാതെ തന്നെ മരണവും...

ഭക്ഷണത്തിൽ പീനട്ട് ഉണ്ടെന്ന് അറിയിച്ചിരുന്നെങ്കിൽ മകൾ ഇപ്പോഴും കൂടെ കാണുമായിരുന്നു എന്നാണ് ആലിസന്റെ മാതാപിതാക്കൾ സങ്കടപ്പെടുന്നത്. തങ്ങൾ കഴിക്കുന്നത് എന്താണെന്നറിയാനുള്ള എല്ലാ അവകാശവും കസ്റ്റമേഴ്‌സിനുണ്ടെന്നും ഇത് റസ്റ്ററന്റ് അധികൃതർ മനസ്സിലാക്കണമെന്നും യുവതിയുടെ പിതാവ് ഗ്രോവർ ചൂണ്ടിക്കാട്ടുന്നു.

Similar Posts