India
ഉസ്മാനാബാദ് ഇനി ധാരാശിവ്, ഔറംഗാബാദ് സംഭാജിനഗർ; നഗരങ്ങളുടെ പേരു മാറ്റി ഉദ്ധവ് താക്കറെ
India

ഉസ്മാനാബാദ് ഇനി ധാരാശിവ്, ഔറംഗാബാദ് സംഭാജിനഗർ; നഗരങ്ങളുടെ പേരു മാറ്റി ഉദ്ധവ് താക്കറെ

Web Desk
|
29 Jun 2022 3:07 PM GMT

മന്ത്രിസഭാ തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസ്

മുംബൈ: ഔറംഗബാദിന് സംഭാജിനഗർ എന്നും ഉസ്മാനാബാദിനെ ധാരാശിവ് എന്നും പുനർനാമകരണം ചെയ്ത മഹാരാഷ്ട്ര സർക്കാർ. മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്ന സംഭാജിയുടെ പേരാണ് ഔറാംഗാബാദിന് നൽകിയിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഔറംഗബാദിന് ആ പേര് നൽകിയ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഉത്തരവനുസരിച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഔറംഗബാദിന് സംഭാജിയുടെ പേര് നൽകണമെന്നത് ശിവസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. പേരുമാറ്റുന്നത് 'രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകരുതെന്ന് കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവസേനയുടെ നീക്കത്തെ പിന്നീട് അവർ പിന്തുണയ്ക്കുകയായിരുന്നു.

ഹൈദരാബാദിലെ അവസാന ഭരണാധികാരിയായിരുന്ന മിർ ഉസ്മാൻ അലി ഖാന്റെ പേരിലുള്ള നഗരമാണ് ഉസ്മാനബാദ്. ആറാം നൂറ്റാണ്ടിൽ നഗരത്തിനടുത്തുണ്ടായിരുന്ന ചരിത്ര പ്രസിദ്ധമായ ഗുഹയുടെ പേരാണ് ധാരാശിവ്. ഉസ്മാനാബാദിന് ധാരാശിവ് എന്ന പേര് നൽകണമെന്നുള്ളതും ശിവസേനയുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാറിന്റെ നിർണായക നീക്കം. ബിജെപിയുമായുള്ള സഖ്യം പുനരാരംഭിക്കണമെന്നും എൻ.സി.പിയുമായും കോൺഗ്രസുമായും ഉള്ള ബന്ധം അവസാനിപ്പിക്കണമെന്നുമാണ് വിമതരുടെ ആവശ്യം. വിമത നേതാവ് ഏക്നാഥ് ഷിൻഡെ, ശിവസേന പ്രത്യേയശാസ്ത്രത്തിൽനിന്ന് വ്യതിചലിക്കുകയാണെന്ന ആരോപണം ഉയർത്തുന്ന സമയത്തു തന്നെ ഉദ്ധവ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് പ്രതിഷേധക്കാരുടെ വായടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സാറ്റലൈറ്റ് ടൗൺ നിർമ്മിക്കുന്നതിനായി കുടിയിറക്കപ്പെട്ട ജനങ്ങളുടെ നേതാവായ ഡിബി പാട്ടീലിന്റെ പേര് മുംബൈയിലെ പുതിയ വിമാനത്താവളത്തിന് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ ആവശ്യത്തിന് പിന്നാലെയാണ് ഗവർണർ ഭഗത് സിങ് കോശിയാരി വിശ്വാസ വോട്ടെടുപ്പിന് നിർദേശം നൽകിയത്. അസമിൽ കഴിയുന്ന ശിവസേനാ വിമതർ വൈകുന്നേരത്തോടെ ഗോവയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം വിശ്വാസ വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ താക്കറെ പക്ഷം കോടതിയെ സമീപിച്ചിരുന്നു. സ്വന്തം ആളുകൾ തന്നെ വഞ്ചിച്ചെന്നും തനിക്കൊപ്പം നിന്നതിന് സഖ്യത്തിലെ മന്ത്രിമാർക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി താക്കറെ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു.

Similar Posts