യു.ടി ഖാദറിനെ കർണാടക നിയമസഭാ സ്പീക്കറായി ഇന്ന് തെരഞ്ഞെടുക്കും
|ഇന്നലെയാണ് യു.ടി ഖാദർ പത്രിക സമർപ്പിച്ചത്
ബംഗളൂരു: മുൻ മന്ത്രിയായ യു.ടി ഖാദറിനെ കർണാടക നിയമസഭ സ്പീക്കറായി ഇന്ന് തെരഞ്ഞെടുക്കും. ഇന്നലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കൊപ്പം നിയമസഭാ സെക്രട്ടറിക്ക് യു.ടി ഖാദർ പത്രിക സമർപ്പിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നത്. കർണാടകയിൽ സ്പീക്കർ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലിം - ന്യൂനപക്ഷ വിഭാഗക്കാരനാകും യു.ടി ഖാദർ.
ആർ.വി ദേശ്പാണ്ഡെ, ടി.ബി ജയചന്ദ്ര, എച്ച്.കെ പാട്ടീൽ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് ചർച്ചയിലുണ്ടായിരുന്നത്. യു.ടി ഖാദറിന് മന്ത്രി സ്ഥാനം നൽകുമെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഉള്ളാള്‍ മണ്ഡലം എം.എൽ.എയായിരുന്ന യു.ടി ഫരീദ് നിര്യാതനായതിനെ തുടർന്ന് 2007 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മകനായ യു.ടി ഖാദർ മത്സരിക്കുന്നത്. തുടർന്ന് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച ഖാദർ 2013 ലും സിദ്ധരാമയ്യ സർക്കാരിൽ അംഗമായിരുന്നു.
ശനിയാഴ്ചയാണ് സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റത്. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ പ്രധാനപ്പെട്ട അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു. കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം തുടങ്ങിയ വാഗ്ദാനങ്ങളാണ് നടപ്പാക്കാൻ തീരുമാനിച്ചത്.