വീട്ടുകാരെ പറ്റിക്കാൻ സിംഗപ്പൂർ എയർലൈൻസിന്റെ പൈലറ്റ് ചമഞ്ഞെത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
|ഓൺലൈൻ ആപ്പിന്റെ സഹായത്തോടെയാണ് വിമാനക്കമ്പനിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് അടക്കമുള്ളവ തയ്യാറാക്കിയത്
ന്യൂഡൽഹി: സിംഗപ്പൂർ എയർലൈൻസിന്റെ പൈലറ്റ് ചമഞ്ഞെത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. യു.പിയിലെ ബുദ്ധനഗർ സ്വദേശിയായ 24കാരൻ സങ്കിത് സിങിനെയാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്.
പൈലറ്റിന്റെ യൂണിഫോം ധരിച്ച് എയർപോർട്ട് പരിസരത്ത് ചുറ്റിത്തിരിഞ്ഞതിൽ സംശയം തോന്നുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വ്യാജനാണെന്ന് കണ്ടെത്തുന്നതും. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യംചെയ്യുന്നത്.
തന്റെ കുടുംബത്തെപ്പറ്റിക്കാനാണ് ഇയാൾ പൈലറ്റിന്റെ യൂണിഫോം ധരിച്ചതെന്നാണ് വിവരം. സിംഗപ്പൂർ എയർലൈൻസിന്റെ പൈലറ്റാണെന്ന് തെളിയിക്കുന്ന ആധികാരികമായ രേഖകളൊന്നും ഇദ്ദേഹത്തിന് ഹാജരാക്കാനായില്ല. കഴുത്തിൽ ഐ.ഡി കാർഡ് തൂക്കിയിരുന്നുവെങ്കിലും വ്യാജനാണെന്ന് മനസിലായി. സിംഗപ്പൂർ എയർലൈനിലെ തൊഴിലാളി എന്നാണ് ഐ.ഡി കാർഡിൽ രേഖപ്പെടുത്തിയിരുന്നത്. സൂക്ഷ്മപരിശോധനയില്‍ എല്ലാം വ്യാജമാണെന്ന് തെളിയുകയായിരുന്നു.
ഓണ്‍ലൈനിലെ ബ്യുസിനസ് കാർഡ് ആപ്ലിക്കേഷൻ വഴിയാണ് ഐ.ഡി കാർഡ് നിർമിച്ചത്. ദ്വാരകയിൽ നിന്നാണ് പൈലറ്റിന്റെ യൂണിഫോം ഇയാൾ 'ഒപ്പിച്ചെടുത്തത്'. 2020ൽ മുംബൈയിൽ ഇയാള്‍ ഏവിയേഷൻ ഹോസ്പിറ്റാലിറ്റി കോഴ്സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും ഒരുവര്ഷമെ കോഴ്സിന് പങ്കെടുത്തുള്ളൂവെന്നുമാണ് പൊലീസ് നൽകുന്ന വിവരം. സങ്കീത് സിങിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.