ഉത്തർ പ്രദേശ് നാളെ ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് പടിഞ്ഞാറൻ യുപിയിൽ
|സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായ ആർ.എൽ.ഡിയ്ക്ക് ഏറെ പ്രതീക്ഷയുള്ള പ്രദേശമാണ് പടിഞ്ഞാറൻ യുപി.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിന് നാളെ തുടക്കം. സംസ്ഥാന തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടം നാളെ പടിഞ്ഞാറൻ യുപിയിലാണ് തുടങ്ങുന്നത്. 11 ജില്ലകളിലെ 58 നിയമ സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുക.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് യുപിയിലെ സ്ഥാനാർഥികൾ. രണ്ട് കോടി 27ലക്ഷം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വിധിഎഴുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പത്രിക സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടക്കമുള്ളവരെ തോൽപ്പിച്ച സ്ഥലമാണ് ഉത്തർപ്രദേശ് എന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
623 സ്ഥാനാർഥികളാണ് മത്സരംഗത്തുള്ളത്. ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷിയായ ആർ.എൽ.ഡിയ്ക്ക് ഏറെ പ്രതീക്ഷയുള്ള പ്രദേശമാണ് പടിഞ്ഞാറൻ യുപി.
കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ മകൻ പങ്കജ് സിങ് മത്സരിക്കുന്ന നോയിഡ, ജയിലിൽ കിടന്ന് സിറ്റിംഗ് എംഎൽഎ കൂടിയായ നാഹിദ് ഹസൻ മത്സരിക്കുന്ന കറൈന, കരിമ്പ് വ്യവസായ വകുപ്പ് മന്ത്രി സുരേഷ് റാണാ മത്സരിക്കുന്ന താന ഭവൻ എന്നീ മണ്ഡലങ്ങൾ ഒന്നാംഘട്ടത്തിലാണ്. ഏഴ് ഘട്ടമായിട്ടാണ് യുപി തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത്.
Uttar Pradesh to booth tomorrow; Initial polls in western UP