India
Kedarnath Temple

കേദാര്‍നാഥ് ക്ഷേത്രം

India

ശ്രീകോവിലില്‍ പൂശിയ സ്വര്‍ണം ചെമ്പായി മാറുന്നു; കേദാര്‍നാഥ് ക്ഷേത്രത്തില്‍ 125 കോടിയുടെ അഴിമതിയെന്ന് ആരോപണം; അന്വേഷണം

Web Desk
|
20 Jun 2023 8:11 AM GMT

ആരോപണങ്ങൾ ഉയർന്നതോടെ സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു

ഡെറാഡൂണ്‍: ശ്രീകോവിലിലെ സ്വർണം ചെമ്പായി മാറുന്നുവെന്നും 125 കോടി രൂപയുടെ അഴിമതി നടന്നുവെന്നുമുള്ള കേദാർനാഥ് ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതന്‍റെ ആരോപണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് സർക്കാർ.ആരോപണങ്ങൾ ഉയർന്നതോടെ സത്യാവസ്ഥ കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പറഞ്ഞു.

ചീഫ് സെക്രട്ടറിയുമായും രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റുമായും മതകാര്യ സെക്രട്ടറിയുമായും സംസാരിച്ചതായും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിർദേശിച്ചതായും മഹാരാജ് ഒരു ഇംഗ്ലീഷ് ദിനപത്രത്തോട് പറഞ്ഞു.അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകൾക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, പുരോഹിതന്‍റെ അവകാശവാദങ്ങൾ ക്ഷേത്ര ഭരണസമിതി പൂർണ്ണമായും തള്ളിയിരുന്നു.പിന്നീട് സംഭവം വിവാദമായി. സംസ്ഥാന കോൺഗ്രസ് ഘടകവും സമാജ്‌വാദി പാർട്ടി (എസ്പി) തലവനുമായ അഖിലേഷ് യാദവ് അഴിമതിയെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും സർക്കാരിനെതിരെ കടന്നാക്രമിക്കുകയും ചെയ്തു.

"മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ യാതൊരു നിബന്ധനകളുമില്ലാതെ, നല്ല മനസോടെ കേദാർനാഥ് ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ സ്വര്‍ണം കൊണ്ടു പൊതിയാന്‍ ആഗ്രഹിച്ചു. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ് യോഗത്തിലാണ് ഈ നിർദ്ദേശം അംഗീകരിച്ചത്.'' ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) പ്രസിഡന്‍റ് അജേന്ദ്ര അജയ് പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേദാർനാഥിൽ നിന്നുള്ള മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ മനോജ് റാവത്ത് സ്വര്‍ണം പൂശുന്ന ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.

ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ തകിടുകള്‍ യഥാര്‍ഥത്തില്‍ പിച്ചളയാണെന്നായിരുന്നു പൂജാരി സന്തോഷ് ത്രിവേദി പറഞ്ഞത്. “ശ്രീകോവിലിനുള്ളില്‍ സ്വര്‍ണം പൊതിയുന്ന ജോലികള്‍ ഏതാനും മാസങ്ങള്‍ മുന്‍പാണ് പൂര്‍ത്തിയാക്കിയത്. പക്ഷെ ഞാന്‍ അകത്തേക്ക് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം പിച്ചളയായി മാറി. എന്തുകൊണ്ടാണ് സ്വര്‍ണം പരിശോധിക്കാത്തത്, ആരാണ് ഇതിന് ഉത്തരവാദി. സ്വര്‍ണത്തിന്റെ പേരില്‍ 125 കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്,” ത്രിവേദി വീഡിയോയില്‍ പറഞ്ഞു.

Similar Posts