റിസോര്‍ട്ടിലെ കൊലപാതകം: പെണ്‍കുട്ടിയെ അവഹേളിച്ച ആര്.എസ്.എസ് നേതാവിനെതിരെ കേസ്
|സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ വിപിന്‍ കന്‍വാള്‍ മാപ്പ് പറഞ്ഞു
ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട റിസോർട്ട് ജീവനക്കാരിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ആർ.എസ്.എസ് നേതാവിനെതിരെ കേസെടുത്തു. ഹരിദ്വാറിലെയും ഋഷികേശിലെയും ആര്.എസ്.എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് വിപിന്‍ കന്‍വാളിനെതിരെയാണ് കേസെടുത്തത്.
വിശക്കുന്ന പൂച്ചകളുടെ മുന്പിലേക്കു വെച്ച പച്ചപ്പാലായിരുന്നു 19കാരിയായ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റെന്നാണ് ആര്.എസ്.എസ് നേതാവ് ഫേസ് ബുക്കില്‍ കുറിച്ചത്. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി പിതാവാണെന്നും വിപിൻ ആരോപിച്ചു- "മെഴുകുതിരി തെളിയിച്ചുള്ള പ്രതിഷേധങ്ങൾക്ക് ഞാൻ പോകില്ല. പരസ്യമായി വ്യഭിചാരം നടക്കുന്ന ഇടത്തേക്ക് 19കാരിയായ പെൺകുട്ടിയെ ജോലിക്കയച്ച് ആ പണം കൊണ്ടുപോയി തിന്ന പിതാവും സഹോദരനുമാണ് ഉത്തരവാദികൾ. വിശക്കുന്ന പൂച്ചകൾക്ക് മുന്നിൽ പച്ചപ്പാൽ കൊണ്ടുവെച്ച അവരാണ് പ്രധാന പ്രതികൾ" എന്നായിരുന്നു ആര്.എസ്.എസ് നേതാവിന്റെ പോസ്റ്റ്.
സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ വിപിന്‍ കന്‍വാള്‍ മാപ്പ് പറഞ്ഞു. ആളുകളുടെ വികാരം മനസ്സിലാക്കുന്നുവെന്നും സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയതെന്നും വിശദീകരിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും കുറിച്ച് മോശം പരാമര്‍ശം നടത്തിയ ആര്.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നു. തുടര്‍ന്ന് ഡെറാഡൂണിലെ റായ്വാല പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തൽ, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം ഐടി വകുപ്പ് കൂടി ചേര്‍ത്താണ് കേസെടുത്തത്. സാമൂഹ്യപ്രവര്‍ത്തകന്‍ വിജയ് പാല് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഋഷികേശ് പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡ് വനിതാകമ്മീഷനും ആര്.എസ്.എസ് നേതാവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആര്.എസ്.എസും ബി.ജെ.പിയും എന്താണെന്ന് കന്‍വാളിലൂടെ വ്യക്തമായെന്ന് കോൺഗ്രസ് വക്താവ് ഗരിമ ദൗസാനി പ്രതികരിച്ചു- "അദ്ദേഹം പോസ്റ്റ് ഇട്ടത് നന്നായി. അവരുടെ ചിന്തകള്‍ എത്രമാത്രം ദുഷിച്ചതാണെന്ന് ജനങ്ങള്‍ അറിയണം. അവർ സ്വയം തുറന്നുകാട്ടുകയാണ്. ആർ.എസ്.എസും ബി.ജെ.പിയും സ്ത്രീശക്തിയെ മാനിക്കുന്നില്ലെന്നാണ് ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. ഇന്ന് ഒരു ആർഎസ്എസുകാരൻ തന്നെ ഇക്കാര്യം തുറന്നുകാട്ടി".
ഉത്തരാഖണ്ഡിലെ ലക്ഷ്മൺ ജുല പ്രദേശത്ത് മുൻ ബി.ജെ.പി മന്ത്രി വിനോദ് ആര്യയുടെ മകന് പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. റിസോര്‍ട്ടില്‍ നിന്ന് കാണാതായി ആറു ദിവസത്തിനു ശേഷമാണ് കനാലില്‍ നിന്ന് മൃതദേഹം ലഭിച്ചത്. റിസോര്‍ട്ടിലെത്തുന്ന അതിഥികളില്‍ ചിലര്‍ക്ക് 'പ്രത്യേക സേവനം' നല്കാന് റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ട് ഉടമ നിര്‍ബന്ധിച്ചെന്ന് ആരോപണമുണ്ട്. പുൽകിതിനെയും റിസോർട്ടിന്റെ മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവരെയും അറസ്റ്റ് ചെയ്തു.