തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല; ആവശ്യമെങ്കില് ഋഷികേശ് എയിംസിലേക്ക് മാറ്റും
|പതിനേഴ് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാൻ രക്ഷാപ്രവർത്തക സംഘത്തിന് സാധിച്ചത്
ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ ഇവരെ ഋഷികേശ് എയിംസിലേക്ക് മാറ്റാൻ ഉത്തരാഖണ്ഡ് സർക്കാർ സംവിധാനം ഒരുക്കിയിട്ടുണ്ട്. സങ്കീർണമായ രക്ഷാദൗത്യം പൂർത്തിയാക്കിയ കേന്ദ്ര -സംസ്ഥാന സർക്കാരുകളെ ആസ്ത്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് അഭിനന്ദിച്ചു.
പതിനേഴ് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാൻ രക്ഷാപ്രവർത്തക സംഘത്തിന് സാധിച്ചത്. ഇന്ത്യൻ അധികാരികളുടെ അതിശയകരമായ നേട്ടം എന്ന ആമുഖത്തോടെ ആണ് അഭിനന്ദന കുറിപ്പ് ആൻ്റണി അൽബനീസ് എക്സിൽ പങ്ക് വെച്ചത്. ദൗത്യത്തിൽ പങ്കാളിയായ തുരങ്ക വിദഗ്ദൻ അർനോൾഡ് ഡിക്സിനെയും അദ്ദേഹം അഭിനന്ദിച്ചു. തുരങ്കത്തിൽ നിന്ന് പുറത്ത് എത്തിച്ച തൊഴിലാളികൾ ചിന്യാലിസൗർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ആവശ്യമെങ്കിൽ ഇവരെ ഋഷികേശ് എയിംസിലേക്ക് മാറ്റാൻ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്റർ ആശുപത്രിക്ക് പുറത്ത് സജ്ജമാണ്. തുരങ്കത്തിൽ നിന്ന് പുറത്ത് എത്തിയ തൊഴിലാളികളുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഫോണിൽ ബന്ധപ്പെട്ടു. രക്ഷാദൗത്യം നീണ്ടപ്പോഴും തൊഴിലാളികൾ പ്രകടിപ്പിച്ച ആത്മ വിശ്വാസത്തെ പ്രധാന മന്ത്രി അഭിനന്ദിച്ചു.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരിൽ കണ്ട് അഭിനന്ദിച്ചു. തുരങ്കത്തിൽ നിന്ന് പുറത്ത് എത്തിയ 41 തൊഴിലാളികളുടെയും ബന്ധുക്കൾ ദീപാവലി ഉടൻ ആഘോഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.