ചെവി മുറിച്ചു, ചൂടുള്ള പാത്രങ്ങള്‍ കൊണ്ട് പൊള്ളിച്ചു; സ്ത്രീധനത്തിന്റെ പേരില്‍ യുവതി നേരിട്ടത് ക്രൂര പീഡനം
|കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ചേര്‍ന്ന് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു
ഡെറാഡൂണ്‍: സ്ത്രീധനത്തിന്റെ പേരില്‍ 10 വര്‍ഷങ്ങളായി യുവതി നേരിട്ടത് ക്രൂരപീഡനം. 27കാരിയായ പ്രീതി ജാഗുഡി എന്ന സ്ത്രീക്കാണ് പീഡനം നേരിട്ടത്. ഡെറാഡൂണിലാണ് സംഭവം. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരിയും ചേര്‍ന്ന് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
ദേഹമാസകലം പൊള്ളലുകളും പാടുകളുമായി ഡെറാഡൂണിലെ കൊറോണേഷന്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് പ്രീതിയെ പ്രവേശിപ്പിച്ചത്. തെഹ്രിയിലെ ജഖ്നി ധർ ബ്ലോക്കിലെ റിൻഡോൾ ഗ്രാമവാസിയായ പ്രീതിയുടെ വിവാഹം 14 വർഷം മുമ്പായിരുന്നു. രണ്ടാഴ്ചയോളം വീട്ടുകാരുടെ ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന്, പ്രീതിയുടെ അമ്മ സരസ്വതി ദേവിയും സഹോദരനും ഡെറാഡൂണിലെ വീട്ടിലെത്തിയപ്പോള്‍ പൊള്ളലേറ്റ് ഏതാണ്ട് നഗ്നമായി അബോധാവസ്ഥയില്‍ അടുക്കളയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്.
കഴിഞ്ഞ 10 വര്‍ഷമായി ഭര്‍തൃ കുടുംബം തന്നെ പീഡിപ്പിക്കുന്നതായി പ്രീതി പറഞ്ഞു. ''എന്നെ കൊല്ലുമെന്ന് അമ്മായിയമ്മ അടിക്കടി ഭീഷണിപ്പെടുത്തുമായിരുന്നു. അമ്മായിയമ്മയും അമ്മായിയച്ഛനും എന്നെ ഉപദ്രവിക്കുമ്പോള്‍ അനിയത്തി എന്റെ കൈകള്‍ മുറുകെ പിടിക്കും. സ്പൂണ്‍ ഉപയോഗിച്ച് അവര്‍ എന്റെ ചെവി മുറിച്ചു. പുറത്തും തലയിലും വയറിലും ചൂടുള്ള പാത്രങ്ങള്‍ ഉപയോഗിച്ച് പൊള്ളിച്ചു. അമ്മായിയമ്മ തലയില്‍ ശക്തമായി അടിച്ചതിനെ തുടര്‍ന്ന് എന്റെ ചെവിയില്‍ നിന്നും ഇപ്പോഴും പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ ശേഷം കുളിമുറിയിൽ കയറി എന്നെ മർദിക്കും. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ വായ പൊത്തിപ്പിടിക്കുകയും. മരിക്കാന്‍ വേണ്ടി ദിവസങ്ങളോളം പട്ടിണിക്കിട്ടു.'' യുവതി പറയുന്നു. ചൊവ്വാഴ്ച നടത്തിയ അള്‍ട്രാ സൗണ്ട് പരിശോധനയില്‍ പ്രീതി ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കഴിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.
പ്രീതിക്ക് ഒമ്പതും നാലും വയസുള്ള രണ്ട് ആൺമക്കളും എട്ട് വയസുള്ള ഒരു മകളുമുണ്ട്. യുവതിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡ് വനിതാ അവകാശ കമ്മീഷൻ ചെയർപേഴ്സൺ കർശന നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃസഹോദരി എന്നിവർക്കെതിരെ സിആർപിസി 307, 167 വകുപ്പുകൾ പ്രകാരം കേസെടുത്തതായി എസ്എസ്പി തെഹ്രി, നവനീത് സിംഗ് പറഞ്ഞു. "അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച അവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു'' നവനീത് കൂട്ടിച്ചേര്‍ത്തു.