India
Vajpayees family is waiting for BJPs promises to be fulfilled,latest news,
India

ബിജെപിയുടെ വാഗ്ദാനങ്ങള്‍ നടപ്പിലാകുന്നതും കാത്ത് വാജ്പേയിയുടെ കുടുംബം

Web Desk
|
4 May 2024 12:59 PM GMT

വാജ്പേയിയുടെ ജന്മദിനത്തിനും ചരമവാർഷികത്തിനും മാത്രമാണ് ബിജെപി അദ്ദേഹത്തെ ഓർക്കുന്നതെന്നും വിമർശനം

ആഗ്രയിൽ നിന്ന് 80 കിലോമീറ്റർ അകലെ യമുനയുടെ തീരത്താണ് ബതേശ്വർ ഗ്രാമം. ബിജെപിയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കുടുംബം ഉത്തർപ്രദേശിലെ ബിജെപി സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാകുന്നതും കാത്തിരിക്കുകയാണ്. ഒരു സർക്കാർ കോളേജിനായുള്ള കാത്തിരിപ്പാണ് അതിൽ വലുത്.

'' ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാജ്പേയിയുടെ ചാരം നിമജ്ജനം ചെയ്യാൻ ഇവിടെ സന്ദർശിക്കുകയും ഒരു കോളേജ് ഉൾപ്പെടെ നിരവധി കാര്യങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ മിക്ക വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ കിടക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനും ചരമവാർഷികത്തിനും മാത്രമാണ് വാജ്പേയിയെ ഓർക്കുന്നത് '' 75 കാരനായ ശുക്ല പറയുന്നതിങ്ങനെയാണ്.

7,000 വോട്ടർമാരുള്ള ഈ ഗ്രാമത്തിലെ ഏതാണ്ടെല്ലാവരും ഒരു കോളേജ് എന്ന ആവശ്യത്തിനാണ് മുൻഗണന നൽകുന്നത്. സമീപത്തെ ഒരു സ്‌കൂളും പത്താം ക്ലാസിനപ്പുറം ക്ലാസുകൾ നൽകുന്നില്ല, സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പോലും വിദ്യാർത്ഥികൾ കുറഞ്ഞത് 12 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ആദിത്യനാഥ് സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ ആഗ്രക്ക് സമീപത്തുനിന്നുള്ള എംഎൽഎയാണ് എന്നതാണ് വലിയ വിരോധാഭാസം. ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ദീകരിച്ച ലേഖനത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഫത്തേപൂർ സിക്രി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബതേശ്വർ. ഇവിടെ സിറ്റിംഗ് എംപിയും ജാട്ട് സമുദായക്കാരനുമായ രാജ്കുമാർ ചാഹറിന് ബിജെപി വീണ്ടും സീറ്റ് നൽകിയിട്ടുണ്ട്. സമാജ് വാദി പാർട്ടിയുമായുള്ള സഖ്യത്തിൽ ഠാക്കൂർ സമുദായത്തിൽ നിന്നുള്ള രാംനാഥ് സികർവാറാണ് കോൺഗ്രസ് സ്ഥാനാർഥി. ബിഎസ്പി രാംനിവാസ് ശർമയെയാണ് മത്സരിപ്പിക്കുന്നത്. പക്ഷെ, ജാട്ട് വംശജനും ബിജെപിയുടെ ഫത്തേപൂർ സിക്രി അസംബ്ലി എംഎൽഎയുമായ ബാബുലാൽ ചൗധരിയുടെ മകനായ രാമേശ്വർ ചൗധരി സ്വതന്ത്രനായി മത്സരരംഗത്തുള്ളത് ബിജെപ്പിക്ക് തിരിച്ചടിയാണ്.

ഫത്തേപൂർ സിക്രി ലോക്സഭാ സീറ്റിന് കീഴിലുള്ള മറ്റ് നാല് അസംബ്ലി സീറ്റുകളായ ആഗ്ര റൂറൽ-എസ്സി, ഖേരാഗഡ്, ഫത്തേഹാബാദ്, ബാഹ് എന്നിവയും ബിജെപിയുടെ കൈവശമാണ്. റാണി പക്ഷാലിക സിംഗ് എംഎൽഎ ആയ ബാഹ് അസംബ്ലിയുടെ കീഴിലാണ് ബതേശ്വർ വരുന്നത്.

'യോഗി ജി പ്രഖ്യാപിച്ച കോളേജ്, സ്വാധീനമുള്ള ഒരു നേതാവ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. ഞങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന പ്രകാരം, 2021 ജൂണിൽ മറ്റൊരു കോളേജ് യുപി സർക്കാർ നിർദ്ദേശിച്ചു. പക്ഷേ അത് ഇപ്പോഴും അംഗീകരിച്ചിട്ടില്ല.' ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ സച്ചിൻ വാജ്പേയി പറയുന്നു.''അദ്ദേഹം മന്ത്രിയല്ലാത്തപ്പോൾ ഞങ്ങൾക്ക് വേണ്ടി പോരാടുകയാണെന്ന് തോന്നി, ഇപ്പോൾ അദ്ദേഹം തന്നെ ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നു, പക്ഷേ ഈ അടിയന്തിര പ്രശ്‌നം ഏറ്റെടുത്തിട്ടില്ല. ആദിത്യനാഥ് സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായയെ പരാമർശിച്ച് സച്ചിൻ കൂട്ടിച്ചേർത്തു.

കോളേജിന് പുറമെ ഇവിടെയുള്ള യുവാക്കൾക്ക് ജോലിയും വ്യവസായ യൂണിറ്റുകളും ആവശ്യമാണ്. ചില പദ്ധതികൾ ചഹർ എംപി പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് 19 കാരണം ഫണ്ട് നിർത്തിയെന്നും തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് അദ്ദേഹം ജനങ്ങളെ കയ്യൊഴിഞ്ഞു. രാജസ്ഥാനിൽ സർക്കാർ അദ്ധ്യാപകനായിരുന്ന ശുക്ല പറയുന്നത് ഇങ്ങനെയാണ്. ചഹാറിനും പക്ഷാലിക സിങ്ങിനും നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

അഗ്നിവീർ പദ്ദതിയുടെ കീഴിലുള്ള സൈനീക റിക്രൂട്ടമെന്റ് യുവാക്കൾക്കുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്തത്. മുൻകാലങ്ങളിൽ സെന്യത്തിൽ ചേരാനായി പരിശീലിക്കുന്ന ഡസൻ കണക്കിന് യുവാക്കളെ രാവിലെയും വൈകുന്നേരവും നിങ്ങൾ ഇവിടെ കാണുമായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. ഇനി ഏക പ്രതീക്ഷ പൊലീസും അർദ്ധസൈനിക വിഭാഗവുമാണ്. പക്ഷേ സംസ്ഥാന സർക്കാരിന് റിക്രൂട്ട്മെന്റ് പരീക്ഷകൾ പോലും ശരിയായി നടത്താൻ കഴിയുന്നില്ല. യുവാക്കൾ ഇനി എവിടെ പോകണം? അത്തരമൊരു സാഹചര്യത്തിൽ എന്തിന് ബിജെപിക്ക് വോട്ട് ചെയ്യണം? തൊഴിൽ അന്വേഷിക്കുന്ന അജയ് യാദവ്, ഗൗരവ് യാദവ് എന്നിവർ പരാതിയും പരിഭവവും പങ്കുവെച്ചു.

'' എന്റെ രണ്ട് ആൺമക്കളും അധ്യാപക നിയമനത്തിന് യോഗ്യത നേടിയവരാണ്. എന്നാൽ 2018 മുതൽ യുപിയിൽ അധ്യാപകരുടെ ഒഴിവുകളൊന്നും വിജ്ഞാപനം ചെയ്തിട്ടില്ല. ഞങ്ങളുടെ പ്രദേശത്തെ ചില ഉദ്യോഗാർത്ഥികൾ ബിഹാറിൽ ജോലി ചെയ്യുന്നു. ആളുകൾക്ക് നൂറുകണക്കിന് കിലോമീറ്റർ അകലെ അധ്യാപകരായി ജോലി ചെയ്യേണ്ടി വരുന്നത് ലജ്ജാകരമാണ്.'' വിനോദ് സിങ് പറയുന്നു.

ബതേശ്വറിലെ ജനസംഖ്യയിൽ, നിഷാദുകളും ഒബിസി വിഭാഗക്കാരായ യാദവുകളും ഏറ്റവും പ്രബലരാണ്. ഇരുവിഭാഗത്തിനും 1,200 വീതം വോട്ടുകൾ ഈ പ്രദേശത്തുണ്ട്. കൂടാതെ, ഗോസ്വാമികൾ, കുശ്വാഹകൾ, ബ്രാഹ്‌മണർ, രജപുത്രർ, ദലിതർ, ജാതവുകൾ ഉൾപ്പെടെയുള്ളവരും ഉണ്ട്. ജാട്ടുകളും യുപിയിൽ ഒബിസികളാണ്.

Related Tags :
Similar Posts