വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന ആശുപത്രിയിൽ വൻ സംഘർഷം; സമരപ്പന്തലും ആശുപത്രിയും അടിച്ചുതകർത്തു
|കല്ലെറിയുന്നതും പരിക്കേറ്റ പൊലീസുകാരുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതുമായുള്ള ദൃശ്യങ്ങളും പുറത്തുവന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആര്.ജി കര് മെഡിക്കല്‍ കോളജില്‍ വൻ സംഘർഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു.
പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു.
കല്ലെറിയുന്നതും പരിക്കേറ്റ പൊലീസുകാരുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതുമായുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ട ഒരു ബൈക്ക് കത്തിച്ചപ്പോൾ രണ്ട് പൊലീസ് വാഹനങ്ങളും നശിപ്പിച്ചു. രാജ്യത്തെ നടുക്കിയ സംഭവത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ രാത്രിയോടെ നിരവധി പേര് സമരപ്പന്തിലിലെത്തിയിരുന്നു. പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പുറത്തുനിന്നെത്തിയവരാണ് പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞതും ആക്രമണം അഴിച്ചുവിട്ടതും.
പുലർച്ചെ രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ കൊൽക്കത്ത പൊലീസ് മേധാവി വിനീത് ഗോയൽ, മാധ്യമങ്ങൾ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. പ്രതികളെ സംരക്ഷിച്ചിട്ടില്ലെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന് ഉത്തരവാദികളായവരെ രാഷ്ട്രീയ ബന്ധം നോക്കാതെ, 24 മണിക്കൂറിനുള്ളിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് തൃണമൂൽ എം.പി അഭിഷേക് ബാനർജി ആവശ്യപ്പെട്ടു.