അയോധ്യ കഴിഞ്ഞു, ഇനി കാശി; യുപിയിൽ വീണ്ടും ബിജെപിയുടെ മന്ദിർ രാഷ്ട്രീയം
|വാരാണസിയിലെ അഞ്ചു ലക്ഷം വീടുകളിലേക്ക് ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദവും പുതിയ പദ്ധതിയെ കുറിച്ചുള്ള ബുക്ക്‌ലെറ്റും അയക്കും
ലഖ്‌നൗ: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം രാഷ്ട്രീയമായി കത്തിച്ചു നിർത്താൻ ബിജെപിയുടെ പദ്ധതി. ഡിസംബർ 13ന് വാരാണസിയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയോടെ ഇതിന് തുടക്കമാകും. പുതുക്കിപ്പണിത കാശി വിശ്വനാഥ ധാം ഉദ്ഘാടനം ചെയ്യാനാണ് മോദി ക്ഷേത്രത്തിലെത്തുന്നത്. ജലമാർഗം ലളിത ഘട്ടിലാണ് മോദി ആദ്യമെത്തുക. അവിടെ നിന്ന് ഗംഗാ ജലം കൈയിലെടുത്ത് പുതിയ ഇടനാഴിയിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.
അന്നേ ദിവസം രാജ്യം മുഴുവൻ കാശി ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. കേരളത്തിലേത് ഉൾപ്പെടെ 51,000 കേന്ദ്രങ്ങളിൽ പരിപാടികൾ അരങ്ങേറും. ഒരുക്കവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം വാരാണസിയിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. അയോധ്യയിൽ കഴിഞ്ഞ വർഷം നടന്ന ഭൂമി പൂജയേക്കാൾ വലിയ ഒരുക്കങ്ങളാണ് മോദിയുടെ പരിപാടിക്കായി നടക്കുന്നത്. ഉദ്ഘാടനച്ചടങ്ങളിലേക്ക് പ്രധാനപ്പെട്ട സന്യാസിമാരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.
'ശിവൻ സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മഹത്വം പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും വീണ്ടെടുത്തു. അങ്ങേയറ്റത്തെ വിശുദ്ധ സ്ഥലമാക്കി. മുൻ സർക്കാറുകളുടെ കാലത്ത് ഇത് അസാധ്യമായിരുന്നു.' - പരിപാടിയെ കുറിച്ച് ബിജെപി നേതാവ് തരുൺ ഛുഗ് പറഞ്ഞു. കാശി ക്ഷേത്രവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മതവികാരം വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യുപിയിലെ എല്ലാ ഗ്രാമങ്ങളിലും പരിപാടിയുടെ തത്സമയ സംപ്രേഷണം നടത്താൻ പ്രവർത്തകർക്ക് നിർദേശമുണ്ട്. ഡിസംബർ 16 വരെ സംസ്ഥാന മന്ത്രിമാർ കാശിയിൽ തമ്പടിക്കും. ഇവർക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. വാരാണസിയിലെ അഞ്ചു ലക്ഷം വീടുകളിലേക്ക് ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദവും പുതിയ പദ്ധതിയെ കുറിച്ചുള്ള ബുക്ക്‌ലെറ്റും അയക്കും.