India
gyanvapi
India

ഗ്യാൻവാപി മസ്‌ജിദിൽ ശാസ്‌ത്രീയ പരിശോധനക്ക് അനുമതി നൽകി വാരണാസി കോടതി

Web Desk
|
21 July 2023 12:39 PM GMT

  • ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ഭാഗം ഒഴിവാക്കണമെന്ന് വാരണാസി കോടതി നിർദേശിച്ചിട്ടുണ്ട്

ഡൽഹി: ഗ്യാൻവാപി പള്ളിയുടെ പരിസരം മുഴുവൻ ശാസ്‌ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്‌ഐ) അനുമതി നൽകി വാരണാസി ജില്ലാ കോടതി. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വുദുഖാനയുടെ ജലധാര ഉൾപ്പെടുന്ന സ്ഥലം സർവേയിൽ നിന്ന് കോടതി ഒഴിവാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് നാലിനകം ശാസ്ത്രീയ റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വാരണാസി കോടതിയുടെ ഉത്തരവ് മേൽകോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ട്. ഹിന്ദു വിഭാഗത്തിനായി ഹാജരായ വിഷ്ണു ശങ്കർ ജെയിനാണ് ആർക്കിയോളജിക്കൽ സർവേ ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്. തുടർന്ന് വിഷയത്തിൽ മറുപടി നൽകാൻ ഗ്യാൻവാപി പള്ളികമ്മിറ്റിയോട് വാരണാസി കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ അന്തിമവിധി.

വുദുഖാന പ്രദേശം സീൽ ചെയ്യാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനാൽ വുദുഖാന ഒഴികെയുള്ള പ്രദേശത്താണ് സർവേ നടക്കുക. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിൽ പുരാതന ഹൈന്ദവ ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഈ വർഷം മെയ് മാസത്തിൽ നാല് സ്ത്രീകൾ അപേക്ഷ സമർപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് വർഷങ്ങളായി ഈ സ്ഥലത്ത് 'സ്വയംഭൂ ജ്യോതിർലിംഗം' നിലനിന്നിരുന്നതായാണ് അപേക്ഷയിലെ അവകാശവാദം.

എഡി 1017-ൽ മഹ്മൂദ് ഗസ്നിയുടെ ആക്രമണത്തിൽ തുടങ്ങി അവിശ്വാസികളോടും വിഗ്രഹാരാധകരോടും വിദ്വേഷം പുലർത്തിയ മുസ്ലീങ്ങൾ ഈ ശിവലിംഗം പലതവണ നശിപ്പിച്ചുവെന്നും അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാൻവാപി മസ്ജിദ് തർക്കം മുഴുവൻ പള്ളി സമുച്ചയത്തിന്റെയും പുരാവസ്തു ഗവേഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് താൻ വാദിച്ചിരുന്നതായി വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. വുദുഖാനയുള്ള പ്രദേശത്ത് ആർക്കിയോളജിക്കൽ വിഭാഗം സർവേ നടത്തരുതെന്ന് നേരത്തെ തന്നെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ വർഷം വീഡിയോഗ്രാഫിക് സർവേയ്ക്കിടെയാണ് ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്നത്. തുടര്‍ന്ന് ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ സർവേ നടത്താന്‍ അലഹബാദ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ശാസ്ത്രീയപരിശോധന വേണമെന്ന ആവശ്യം തള്ളിയ വാരാണസി ജില്ലാ കോടതിയുടെ ഒക്ടോബര്‍ 14-ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി നടപടി.

കാശി വിശ്വനാഥക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി പള്ളിയില്‍ കോടതിയുടെ ആവശ്യപ്രകാരം അഭിഭാഷക സംഘമാണ് കഴിഞ്ഞ മെയ് മാസം സര്‍വേ നടത്തിയത്. പള്ളിക്കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇത് ജലധാരയുടെ ഭാഗമാണെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.

Similar Posts