'പള്ളിയിൽ ശിവലിംഗം കണ്ടെത്തിയിട്ടില്ല'; ഗ്യാൻവാപിയിൽ കേസിൽ ജൂലൈ നാലിന് വാദം തുടരും
|പള്ളിയിൽ ആരാധന നിർവഹിക്കാൻ അനുമതി തേടി അഞ്ച് ഹിന്ദു വനിതകൾ സമർപ്പിച്ച ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ഗ്യാൻവാപി കമ്മിറ്റി
ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദിൽ ആരാധന നിർവഹിക്കാൻ അനുമതി തേടിയുള്ള ഹരജിയിൽ വാദം കേൾക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു ഇന്ന് വരാണസി ജില്ലാ കോടതി. കേസിൽ ജൂലൈ നാലിനു വാദംകേൾക്കൽ തുടരും.
അതേസമയം, ഗ്യാൻവാപി മസ്ജിദിനകത്ത് ശിവലിംഗം കണ്ടെത്തിയതായുള്ള വാദം പള്ളി കമ്മിറ്റി തള്ളി. പള്ളിയിൽ ആരാധന നിർവഹിക്കാൻ അനുമതി തേടി അഞ്ച് ഹിന്ദു വനിതകൾ സമർപ്പിച്ച ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. 1991ലെ ആരാധനാലയ നിയമപ്രകാരം ഹരജി നിലനിൽക്കില്ല. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നതിന് നിയമത്തിൽ വിലക്കുണ്ട്. 1947 ഓഗസ്റ്റ് 15നുമുൻപുള്ള ആരാധനാലയങ്ങളുടെ സ്വഭാവം നിലനിർത്തണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ ലംഘനമാണ് ഹിന്ദു വിഭാഗത്തിന്റെ ഹരജിയെന്നും കോടതിയിൽ പള്ളി കമ്മിറ്റി വാദിച്ചു.
ഹിന്ദു വിഭാഗത്തിന്റെ ഹരജിക്കെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയാണ് വരാണസി കോടതി ഇന്ന ചെയ്തത്. കുറച്ചുനേരം വാദം കേട്ട ശേഷം ജൂലൈ നാലിലേക്ക് കേസ് മാറ്റുകയായിരുന്നു.
അതിനിടെ, ഗ്യാൻവാപിയുമായി ബന്ധപ്പെട്ട് മറ്റൊരു ഹരജി പരിഗണിക്കുന്നതിനിടെ കോടതി മുറിയിലേക്ക് മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി. വരാണസിയിലെ അതിവേഗത കോടതിയിലാണ് ഹരജിയിൽ വാദംകേൾക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത്. വരാണസിയിലെ ജില്ലാ ജഡ്ജിക്കു മുൻപാകെയുള്ള വാദംകേൾക്കലിനു ശേഷം ഗ്യാൻവാപി മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരാണസിയിലെ അതിവേഗ കോടതിയിലെത്തിയ മറ്റൊരു കേസിലെ വാദംകേൾക്കൽ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന് നിയമവാർത്താ പോർട്ടലായ ബാർ ആൻഡ് ബെഞ്ച് ട്വീറ്റ് ചെയ്തു.
Summary: Varanasi district court adjourns Gyanvapi hearing till July 4