India
Varanasi grocer hires bouncers to guard tomatoes, Varanasi grocer hires bouncers to guard tomatoes, tomato price hike, tomato price, Ajay Fauji, Samajwadi Party worker
India

തക്കാളിക്കടയ്ക്ക് 'ഇസെഡ് സുരക്ഷ'! അംഗരക്ഷകരെ നിര്‍ത്തി വ്യാപാരി

Web Desk
|
10 July 2023 10:31 AM GMT

തക്കാളിക്കടയ്ക്കുമുന്നിൽ കറുത്ത വസ്ത്രം ധരിച്ച് സുരക്ഷാജീവനക്കാർ നെഞ്ചുവിരിച്ചു നിൽക്കുന്ന ദൃശ്യം എസ്.പി തലവൻ അഖിലേഷ് യാദവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്

ലഖ്‌നൗ: തക്കാളിക്ക് രാജ്യത്തെങ്ങും തീവിലയാണ്. മിക്കയിടത്തും നൂറിനു മുകളിലാണ് കിലോയ്ക്കു വില. 200 വരെ കടന്ന സ്ഥലങ്ങളുമുണ്ട്. രാജ്യത്ത് ഏറ്റവും വിലപിടിപ്പുള്ള വസ്തുവായി മാറിയിരിക്കുകയാണിപ്പോള്‍ തക്കാളി. ഇതിനിടെ, പച്ചക്കറിക്കടയിൽ സുരക്ഷയ്ക്കായി രണ്ട് അംഗരക്ഷകരെ നിയമിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലൊരു വ്യാപാരി. തക്കാളിപ്പെട്ടിക്ക് ഗോദ്‌റേജിന്റെ പൂട്ടെന്നല്ലേ കേട്ടിട്ടുള്ളൂ, ഇപ്പോഴിതാ തക്കാളിക്കടയ്‌ക്ക് 'ഇസെഡ് സുരക്ഷ'യും എത്തിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വരാണസി മണ്ഡലത്തിലെ ലങ്കയിലാണ് സംഭവം. തെരുവിൽ പച്ചക്കറി വിറ്റ് ജീവിതം പുലർത്തുന്ന സമാജ്‌വാദി പാർട്ടി പ്രവർത്തകൻ അജയ് ഫൗജിയാണ് അംഗരക്ഷകരെ ഇറക്കിയിരിക്കുന്നത്. തക്കാളി വില കേട്ട് ആളുകൾ അക്രമാസക്തരാകുന്ന പശ്ചാത്തലത്തിലാണ് നടപടി.

തക്കാളിയുടെ തീവില കേട്ട് ആളുകൾ ക്ഷോഭിക്കുകയും കയർക്കുകയും ചെയ്യുന്നത് പതിവാണ്. പൈസ കുറയ്ക്കാനായി വിലപേശുന്നവരും കുറവല്ല. ഇവരെ നിയന്ത്രിക്കാൻ പാടുപെടുന്നതിനിടെയാണ് അജയ് രണ്ട് അംഗരക്ഷകരെ സുരക്ഷയ്ക്കായി നിർത്തിയത്. രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഇവരുടെ സേവനം തേടിയിരിക്കുന്നത്.

നിലവിൽ കിലോയ്ക്ക് 140 മുതൽ 160 വരെ രൂപയ്ക്കാണ് അജയ് തക്കാളി വിൽക്കുന്നത്. തക്കാളി വാങ്ങാൻ വരുന്ന ആളുകളുമായി നിരന്തരം തർക്കിക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സഹിക്കാനാകാതെയാണ് യൂനിഫോം ധരിച്ച അംഗരക്ഷകരെ കടയ്ക്കുമുന്നിൽ നിർത്താൻ തീരുമാനിച്ചതെന്നും അജയ് വെളിപ്പെടുത്തി.

എത്രയാണ് അംഗരക്ഷകരുടെ ശമ്പളം എന്ന് വെളിപ്പെടുത്താൻ അജയ് തയാറായിട്ടില്ല. വെറുതെ ആരെയും ഈ പണിക്കു കിട്ടില്ലെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആളുകളെ നിർത്തിയതോടെ ആളുകൾ കയർക്കുന്നതും വിലപേശുന്നതുമൊക്കെ കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരി പറഞ്ഞു.

തക്കാളിക്കടയ്ക്കുമുന്നിൽ സുരക്ഷാജീവനക്കാർ നെഞ്ചുവിരിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തക്കാളിക്ക് ബി.ജെ.പി ഇസെഡ് പ്ലസ് സുരക്ഷ നൽകണമെന്ന അടിക്കുറിപ്പുമായി എസ്.പി തലവൻ അഖിലേഷ് യാദവ് ഇത് ട്വിറ്ററിലും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, അഖിലേഷിന്റെ ജന്മദിനത്തിന് തക്കാളിയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് വാർത്താതാരമായിരുന്നു അജയ് ഫൗജി.

Summary: Varanasi grocer hires bouncers to guard tomatoes

Similar Posts