'വ്രതമെടുക്കുന്നതിന് പകരം നിങ്ങള്‍ ഭരണഘടന വായിക്കൂ'; നവരാത്രിയെ കുറിച്ച് പോസ്റ്റിട്ട ദലിത് അധ്യാപകനെ പുറത്താക്കി വാരണാസി സർവകലാശാല
|ഒരു വ്യക്തിക്കും ഒരു മതത്തെക്കുറിച്ചോ സ്ത്രീകളെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ നടത്താന്‍ അവകാശമില്ലെന്ന് സർവകലാശാല രജിസ്ട്രാർ
വാരണാസി: നവരാത്രിയുടെ ഭാഗമായി ഒമ്പത് ദിവസത്തെ വ്രതമെടുക്കുന്നതിന് പകരം സ്ത്രീകൾ ഇന്ത്യൻ ഭരണഘടനയും ഹിന്ദു കോഡ് ബില്ലും വായിക്കണമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിലെ ഗസ്റ്റ് ലക്ചററെ പുറത്താക്കി. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററായ ഡോ.മിഥിലേഷ് കുമാർ ഗൗതമിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിടുകയും കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. 'സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നവരാത്രി സമയത്ത് ഒമ്പത് ദിവസം വ്രതമെടുക്കുന്നതിന് പകരം ഇന്ത്യൻ ഭരണഘടനയും ഹിന്ദു കോഡ് ബില്ലും വായിക്കുന്നതാണ് നല്ലത്. അവരുടെ ജീവിതം ഭയത്തിൽ നിന്നും അടിമത്തത്തിൽ നിന്നും മുക്തമാകും. ജയ് ഭീം' എന്നായിരുന്നു ഡോ.മിഥിലേഷ് കുമാർ ഗൗതം ഹിന്ദിയിൽ പോസ്റ്റിട്ടത്.
അധ്യാപകനെതിരെയുള്ള നടപടി ന്യായമാണെന്ന് ചില വിദ്യാർത്ഥികൾ പിന്തുണച്ചപ്പോൾ ദലിത് വ്യക്തിത്വത്തിന്റെ പേരിലാണ് ലക്ചറർ ഇരയാക്കപ്പെട്ടതെന്ന് മറ്റുള്ളവർ ആരോപിച്ചു. ഡോ.ഗൗതമിന്റെ പരാമർശങ്ങൾ പ്രതിഷേധാർഹമാണെന്ന് സർവകലാശാല രജിസ്ട്രാർ ഡോ.സുനിതാ പാണ്ഡെ എൻ.ഡി.ടി.വിയോട് പറഞ്ഞു. ഒരു വ്യക്തിക്കും ഒരു മതത്തെക്കുറിച്ചും ഇത്തരം പരാമർശങ്ങൾ നടത്താനോ സ്ത്രീകളെ കുറിച്ച് അത്തരം പരാമർശങ്ങൾ നടത്താനോ അവകാശമില്ലെന്നും അവർ പറഞ്ഞു. 'അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിയല്ല. ഒരു അധ്യാപകൻ എപ്പോഴും അത്തരം അഭിപ്രായങ്ങൾ ഒഴിവാക്കണം'- ഡോ പാണ്ഡെ കൂട്ടിച്ചേർത്തു.
സെപ്തംബർ 29 നാണ് ഗൗതം ഹിന്ദു മതത്തിന് വിരുദ്ധമായ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തെന്ന് കാണിച്ച് വിദ്യാർഥികൾ രേഖാമൂലം സർവകലാശാല രജിസ്ട്രാർക്ക് പരാതി നൽകിയത്. നിലവിലെ സാഹചര്യവും സുരക്ഷയെ മുൻനിർത്തിയുമാണ് അദ്ദേഹത്തോട് കാമ്പസിനുള്ളിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയതെന്ന് ഡോ. പാണ്ഡെ പറഞ്ഞു.
ആരോപണവിധേയനായ ഗസ്റ്റ് ലക്ചറർക്ക് തന്റെ ഭാഗം വാദിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാർഥികൾ വൈസ് ചാൻസലറെ സമീപിച്ചിട്ടുണ്ട്. ഇരുപക്ഷത്തിനും പറയാനുള്ളത് കേൾക്കാമെന്ന് വൈസ് ചാൻസലർ ഈ വിദ്യാർഥികൾക്ക് ഉറപ്പ് നൽകുകയും ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ഡോ. ഗൗതമിന്റെ പരാമർശം തെറ്റാണെന്നും സർവകലാശാല ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഭാരവാഹിയായ അനൂജ് ശ്രീവാസ്തവ പറഞ്ഞു.