വരവര റാവുവിന്റെ ജാമ്യ കാലാവധി സെപ്തംബർ 25 വരെയെന്ന് ഹൈക്കോടതി
|ഭീമ കൊറേഗാവ് ജാതി സംഘർഷക്കേസിൽ ഫെബ്രുവരി 22 നാണ് ഇദ്ദേഹത്തിന് ഇടക്കാല മെഡിക്കൽ ജാമ്യം കിട്ടിയത്
മുംബൈ: ഭീമ കൊറേഗാവ് ജാതി സംഘർഷ കേസിൽ അറസ്റ്റിലായ തെലുങ്ക് കവി വരവര റാവുവിന്റെ ജാമ്യ കാലാവധി സെപ്തംബർ 25 വരെയാണെന്ന് മുംബൈ ഹൈക്കോടതി. 81 കാരനായ റാവു സെപ്തംബർ 25 ന് തലോജ സെൻട്രൽ ജയിലിൽ തിരിച്ചെത്തണമെന്നും കേസിൽ തുടർവാദം സെപ്തംബർ 27 ന് നടത്തുമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ ഫെബ്രുവരി 22 നാണ് ഇദ്ദേഹത്തിന് 50,000 രൂപ കെട്ടിവെച്ച് ആറുമാസത്തെ ഇടക്കാല മെഡിക്കൽ ജാമ്യം കിട്ടിയത്.
ജസ്റ്റിസ് എസ്എസ് ഷിൻഡെ, മനീഷ് പിറ്റാളെ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സോൾവെൻസി സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയത് മൂലം മാർച്ച് ആറിനാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങാനായത്. തുടർന്ന് ഭാര്യ പി ഹേമലതക്കൊപ്പം മലാഡ് ഈസ്റ്റിലായിരുന്നു താമസിച്ചിരുന്നത്. സെപ്തംബർ അഞ്ചോടെ ജാമ്യ കാലാവധി അവസാനിച്ചിരുന്നു.
മുംബൈയിലെ വാടകവീടിന് പകരം ഹൈദരാബാദ് താമസിക്കാൻ റാവുവിനെ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷൻ അഡ്വ. ആനന്ദ് ഗ്രോവർ ആവശ്യപ്പെട്ടു.
ന്യൂറോളജി പ്രശ്‌നങ്ങൾ, കൊളസ്‌ട്രോൾ, ബിപി, അസിഡിറ്റി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾക്കായി ദിനേന 13 മരുന്നുകൾ കഴിക്കുന്ന തനിക്ക് ജാമ്യം നീട്ടിത്തരണമെന്ന് റാവു ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് പാർക്കിൻസൺസ് രോഗമുണ്ടെന്നും വിറയലോടുകൂടിയ ചലന വൈകല്യങ്ങൾ, അസ്ഥിരത എന്നിവയുണ്ടെന്നും ജസ്ലോക് ആശുപത്രിയിലെ ഒരു ന്യൂറോളജിസ്റ്റ് പറഞ്ഞിരുന്നു.
തലോജ ജയിലിൽ മാന്വൽ പ്രകാരം മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ജയിൽ കോഡ് കൃത്യമായി പാലിക്കുന്നുണ്ടെന്നും കേസ് അന്വേഷിക്കുന്ന നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തിമിരത്തിനും ഹെർണിയക്കുമുള്ള ശസ്ത്രക്രിയകൾ കോടതിയുടെ മേൽനോട്ടത്തിൽ മുംബൈയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നിർവഹിക്കുമെന്നും അതിനാൽ മെഡിക്കൽ ജാമ്യം നീട്ടിനൽകേണ്ടെന്നും എൻ.ഐ.എ അറിയിച്ചു.