ഇതിനെ ദേശദ്രോഹമെന്നോ ഭ്രാന്തെന്നോ വിളിക്കേണ്ടത്? കങ്കണയ്‌ക്കെതിരെ വരുൺ ഗാന്ധി
|2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കങ്കണ റണാവട്ട് പറഞ്ഞിരുന്നത്
ന്യൂഡൽഹി: ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം കിട്ടിയത് 2014ൽ മാത്രമാണെന്ന നടി കങ്കണ റണാവട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപി വരുൺ ഗാന്ധി. ഇതിനെ ഭ്രാന്തെന്നോ അതോ ദേശദ്രോഹമെന്നോ, ഏതാണ് വിളിക്കേണ്ടതെന്ന് വരുൺ ചോദിച്ചു. ട്വിറ്ററിലാണ് പിലിഭിത്ത് എംപിയുടെ പ്രതികരണം.
'ചിലപ്പോൾ കങ്കണ മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെയും തപസ്യയെയും അപമാനിക്കുന്നു. ചിലപ്പോൾ ഗാന്ധി ഘാതകനെ ആദരിക്കുന്നു. ഇപ്പോൾ ഷഹീദ് മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മി ഭായ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, സുഭാഷ് ചന്ദ്രബോസ് വരെയുള്ള ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗത്തെ നിന്ദിക്കുന്നു. ഇതിനെ ഭ്രാന്തെന്നാണോ, ദേശദ്രോഹമെന്നാണോ വിളിക്കേണ്ടത്' -എന്നാണ് വരുൺ സമൂഹമാധ്യമത്തിൽ കുറിച്ചത്.
കങ്കണ പറഞ്ഞത്
നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014ലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് നടി കങ്കണ റണാവട്ട് പറഞ്ഞിരുന്നത്. സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അവർ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്' - എന്നാണ് കങ്കണ പറഞ്ഞത്. ടൈംസ് നെറ്റ്വർക്ക് ഗ്രൂപ്പ് എഡിറ്റർ നവിക കുമാറായിരുന്നു പരിപാടിയുടെ അവതാരക.
'കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ ദേശീയതയെ കുറിച്ചും സൈന്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും പറയുമ്പോൾ ഞാൻ ബിജെപിയുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുകയാണ് എന്നാണ് ആരോപണം. ഇതെങ്ങനെയാണ് ബിജെപിയുടെ അജണ്ടയാകുന്നത്. ഇത് രാജ്യത്തിന്റെ അജണ്ടയാണ്. എനിക്കു വേണ്ടി ആരും സംസാരിക്കുന്നില്ലെങ്കിൽ ഞാൻ തന്നെ സംസാരിക്കും.'- അവർ വ്യക്തമാക്കി.
Those who clapped for this Mental #KanganaRanaut saying this are traitors
— Selvin Thomas (@Muzzris) November 10, 2021
pic.twitter.com/zcGDqxLFlw
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കങ്കണ മുക്തകണ്ഠം പ്രശംസിച്ചു. 'പ്രധാനമന്ത്രി ഏറ്റവും വലിയ സൂപ്പർ സ്റ്റാറാണ്. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി. അതിൽ സംശയമില്ല. നമ്മെ നയിക്കാൻ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്.' - അവർ പറഞ്ഞു.
പ്രണയമുണ്ടെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവാഹിതയായി അമ്മയാകുമെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജീവിതത്തിൽ എവിടെ എത്തും എന്ന ചോദ്യത്തിനായിരുന്നു അവരുടെ മറുപടി. 'തീർച്ചയായും എനിക്ക് വിവാഹം കഴിക്കണമെന്നും കുഞ്ഞുങ്ങളുണ്ടാവണമെന്നുമുണ്ട്. അഞ്ച് വർഷത്തിനപ്പുറം ഞാൻ എന്നെ ഒരു അമ്മയായും ഭാര്യയായും കാണുന്നു. ഒപ്പം പുതിയ ഇന്ത്യയെന്ന വിഷനു വേണ്ടി സജീവമായി പ്രവർത്തിക്കുന്ന ഒരാളായും.'- കങ്കണ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് രാജ്യം കങ്കണയെ പത്മശ്രീ നൽകി ആദരിച്ചത്. പങ്ക, മണികർണിക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ഇത് കങ്കണയുടെ നാലാമത് ദേശീയ പുരസ്‌കാരമാണ്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് കങ്കണയുടെ റിലീസായ പുതിയ ചിത്രം. ധക്കഡ്, തേജസ് എന്നീ ചിത്രങ്ങളാണ് കങ്കണയുടെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.