India
VCK chief Thirumavalavan backs Udayanidhi
India

'മദ്യത്തേക്കാൾ കൊടിയ വിപത്താണ് സനാതനം'; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊൽ തിരുമാവളൻ എംപി

Web Desk
|
6 Sep 2023 12:37 PM GMT

മദ്യം, കുടിക്കുന്നവരെ മാത്രമാണ് നശിപ്പിക്കുക. എന്നാൽ സനാതനം ഒട്ടു മിക്ക വീടുകളെയും നശിപ്പിക്കുമെന്നും അദ്ദേഹം വിമർശിച്ചു

സനാതന ധർമ വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തമിഴ്‌നാട് എംപിയും വിടുതലൈ ചിരുത്തൈകള്‍ കക്ഷി നേതാവുമായ തൊൽ തിരുമാവളൻ. മദ്യത്തേക്കാൾ കൊടിയ വിപത്താണ് സനാതനമെന്ന് തൊൽ തിരുമാവളൻ പറഞ്ഞു. മദ്യം, കുടിക്കുന്നവരെ മാത്രമാണ് നശിപ്പിക്കുക. എന്നാൽ സനാതനം ഒട്ടു മിക്ക വീടുകളെയും നശിപ്പിക്കുമെന്നും അദ്ദേഹം വിമർശിച്ചു.

'കഴിഞ്ഞ 30 വർഷമായി ഞാൻ സനാതന ധർമ്മത്തിനെതിരെ സംസാരിക്കുന്നു. എന്നാൽ 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരുച്ചിയിൽ നടന്ന പൊതുറാലിയിൽ മാത്രമാണ് രാഷ്ട്രീയ വ്യവഹാരത്തിൽ ഈ പദം ഉപയോഗിക്കുന്നത്. അതിനുമുമ്പ്, സെമിനാറുകളിലും അക്കാദമിക് ഇടങ്ങളിലുമാണ് ഇത് ചർച്ച ചെയ്തിരുന്നത്. രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, ഞങ്ങൾ ഹിന്ദുത്വത്തെ വിമർശിക്കുമ്പോൾ ആർഎസ്എസ് പ്രചരിപ്പിക്കുന്നത് സാധാരണ ഹിന്ദുക്കൾക്കെതിരെ ഞങ്ങൾ സംസാരിക്കുന്നു എന്നാണ്'' തിരുമാളവൻ പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാകാൻ ആർഎസ്എസ് ആഗ്രഹിക്കുന്നില്ല, ഭരണഘടന അംഗീകരിച്ച ദിവസം മുതൽ ആർഎസ്എസ് ദേശീയ പതാകയെയും ഔദ്യോഗിക നാമത്തെയും ഭരണഘടനയെയും എതിർക്കുകയാണ്. കിസ്ത്യാനികളെയും മുസ്ലീങ്ങളെയും ശത്രുക്കളായി കണ്ട് ഹിന്ദു ഭൂരിപക്ഷവാദം സ്ഥാപിച്ച് രാഷ്ട്രീയ അധികാരം നിലനിർത്തുക എന്നതാണ് സംഘപരിവാറിന്റെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച തമിഴ്‌നാട്ടിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്.

ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്‍റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുക്കുകയും ചെയ്തു.

Similar Posts