പ്രതിഷേധങ്ങൾക്കിടെ കർണാടക നിയമസഭയിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചു
|സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പമാണ് നിയമസഭയ്ക്കകത്ത് സംഘ്പരിവാർ ആചാര്യന്റെ ചിത്രവും സ്ഥാപിച്ചത്
ബംഗളൂരു: പ്രതിഷേധങ്ങൾക്കിടെ കർണാടക നിയമസഭയിൽ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചു. ആറ് സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പമാണ് നിയമസഭയ്ക്കകത്ത് സവർക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. മഹാത്മാ ഗാന്ധിക്കൊപ്പമാണ് ചിത്രമുള്ളത്.
സവർക്കറുടെ ചിത്രം സഭയ്ക്കകത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് വൻ പ്രതിഷേധം നടത്തിയിരുന്നു. നിയമസഭാ മന്ദിരത്തിന് പുറത്ത് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. വിവാദനായകനായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളിൽ സ്ഥാപിക്കുന്നതെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലാണ് ഛായാചിത്ര അനാച്ഛാദനം നടന്നത്. സ്പീക്കർ വിശ്വേശ്വര ഹെഗ്‌ഡേ, നിയമമന്ത്രി ജെ. മധുസ്വാമി, ജല മന്ത്രി ഗോവിന്ദ് കാർജോൾ അടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സവർക്കറുടെ ചിത്രം സ്ഥാപിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എമാർ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. പ്രതിഷേധങ്ങൾ ഒഴിവാക്കാൻ നിയമസഭയുടെ നാല് വാതിലും അടച്ചായിരുന്നു ചടങ്ങ് നടന്നത്.
സവർക്കറും കർണാടകയും തമ്മിൽ ഒരു ബന്ധവുമില്ലെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ചൂണ്ടിക്കാട്ടിയത്. സവർക്കറുടെ ചിത്രം സ്ഥാപിക്കുകയാണെങ്കിൽ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ ചിത്രവും വേണമെന്ന് കോൺഗ്രസ് പ്രസ്താവനയിൽ ആവശ്യമുയർത്തി. എന്നാൽ, ടിപ്പു മതഭ്രാന്തനും ക്ഷേത്രധ്വംസകനും ആയിരുന്നെന്ന് ബി.ജെ.പി നേതാവ് എൻ. രവികുമാർ പ്രതികരിച്ചു. സവർക്കറുടെ പേരിൽ ഇന്ദിരാ ഗാന്ധി സ്റ്റാംപ് പുറത്തിറക്കിയത് മറന്നാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നതെന്ന് ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ പറഞ്ഞു. ടിപ്പുവിന്റെ ചിത്രം നിയമസഭയിൽ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: The ruling BJP in Karnataka unveiled the portrait of VD Savarkar, with pictures of six freedom fighters, in the Assembly hall of the Suvarna Vidhana Soudha.