ബിട്ടു ബജ്‌റംഗിക്ക് ബജ്‌റംഗ് ദളുമായി ബന്ധമില്ലെന്ന് വി.എച്ച്.പി; ഇനി ആർഎസ്എസിന്റെ ഊഴമെന്ന് മാധ്യമപ്രവർത്തകൻ
|ഹരിയാന സംഘർഷവുമായി ബന്ധപ്പെട്ട് ബിട്ടു അറസ്റ്റിലായ ശേഷമാണ് വിഎച്ച്പിയുടെ പ്രതികരണം
ന്യൂഡൽഹി: ബജ്റംഗ്ദൾ നേതാവും മോനു മനേസറിന്റെ അനുയായിയുമായ ബിട്ടു ബജ്റംഗിയുമായി ബജ്‌റംഗ് ദളിന് ബന്ധമില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി). ഹരിയാന സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശേഷമാണ് ട്വിറ്ററിൽ (എക്‌സ്) വിഎച്ച്പിയുടെ പ്രതികരണം. അദ്ദേഹം പുറത്തുവിട്ട വീഡിയോയുടെ ഉള്ളടക്കവുമായി തങ്ങൾക്ക് യോജിപ്പില്ലെന്നും വിഎച്ച്പി പറഞ്ഞു. എന്നാൽ ബിട്ടു ബജ്‌റംഗിയുമായുള്ള ബന്ധം തള്ളിപ്പറയുന്നതിൽ ഇനി ആർഎസ്എസിന്റെ ഊഴമാണെന്ന് ഫാക്ട് ചെക്കറും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ പരിഹസിച്ചു. ബിട്ടുവിനെ വിഎച്ച്പി തള്ളിപ്പറഞ്ഞ ട്വീറ്റും അദ്ദേഹം ആർഎസ്എസ് വേഷം ധരിച്ച് നിൽക്കുന്ന ചിത്രവും സഹിതമായിരുന്നു സുബൈറിന്റെ പ്രതികരണം.
പ്രകോപനപരവും വർഗീയ വിദ്വേഷം വളർത്തുന്നതുമായ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ആഗസ്റ്റ് ഒന്നിന് ബിട്ടു ബജ്റംഗിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഫരീദാബാദിലെ വീട്ടിൽവെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ അതേദിവസം തന്നെ വിട്ടയക്കുകയും ചെയ്തു.
ഹരിയാനയിലെ നൂഹിൽ ജൂലൈ 31ന് ഉണ്ടായ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നൂഹിൽ ബജ്റംഗ്ദൾ പ്രകോപനപരമായ റാലി നടത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 230 പേരെ നൂഹ് പൊലീസും 79 പേരെ ഗുരുഗ്രാം പൊലീസും അറസ്റ്റ് ചെയ്തതായാണ് വിവരം.
ബജ്റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് ബിട്ടു ബജ്റംഗി പ്രകോപനപരമായ വീഡിയോകൾ നിർമിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സ്വയം പ്രഖ്യാപിത പശുസംരക്ഷകനായ മോനു മനേസറിന്റെ അനുയായിയാണ് ബിട്ടു ബജ്റംഗി. ബജ്റംഗ്ദൾ റാലി തുടങ്ങുന്നതിന് മുമ്പ് മുസ്ലിം സമുദായത്തിനെതിരെ പ്രകോപനപരമായ വീഡിയോകൾ പുറത്തുവിട്ട് വർഗീയ സംഘർഷത്തിന് പ്രേരിപ്പിച്ചുവെന്നാണ് ബിട്ടു ബജ്റംഗിക്കെതിരായ എഫ്.ഐ.ആറിൽ പറയുന്നത്.
മോനു മനേസറിനും ബിട്ടു ബജ്റംഗിക്കും അവാർഡ് നൽകി സുദർശൻ ടിവി
'ജിഹാദികൾക്കെതിരെ യുദ്ധം' ചെയ്യുന്നതിന് മോനു മനേസറിനും ബിട്ടു ബജ്റംഗിക്കും അവാർഡ് നൽകി മുസ്ലിം വിരുദ്ധതക്ക് കുപ്രസിദ്ധമായ സുദർശൻ ടിവി. പശു സംരക്ഷണത്തിന്റെ പേരിൽ അതിക്രമങ്ങൾ നടത്തുന്ന മോനുവിനെയും ബിട്ടുവിനെയും ശനിയാഴ്ചയാണ് ചാനൽ ആദരിച്ചത്. ഈയിടെ ഹരിയാനയിൽ നടന്ന സാമുദായിക സംഘർഷത്തിൽ കുറ്റക്കാരാണ് ഇരുവരും.
കുപ്രസിദ്ധരായ ഇവർക്ക് അവാർഡ് നൽകുന്ന വീഡിയോ ട്വിറ്ററിൽ (ഇപ്പോൾ എക്സ്) പ്രചരിക്കുകയാണ്. 'ജിഹാദികൾക്കെതിരെയുള്ള പോരാട്ടത്തിൽ നൽകിയ സംഭാവനകളുടെ' പേരിൽ ബജ്റംഗിക്കും മനേസറിനും അവാർഡ് നൽകുന്നതായാണ് വീഡിയോയിൽ അവതാരക പറയുന്നത്. സുദർശൻ ചാനലിന്റെ എഡിറ്റർ ഇൻ ചീഫായ സുരേഷ് ചാവങ്കെ പ്രകോപന പ്രസ്താവനകൾക്ക് കുപ്രസിദ്ധനാണ്. അധോലോക നായകൻ ദാവൂദ് ഇബ്രാഹീമിനേക്കാൾ കൂടുതൽ കുറ്റപത്രങ്ങൾ തന്റെ പേരിലുണ്ടെന്ന് ചാവങ്കെ ജൂണിൽ അവകാശപ്പെട്ടിരുന്നു. 'ഇത് എനിക്കെതിരെയുള്ള 1827ാമത് എഫ്ഐആറാണ്. ഹിന്ദുക്കളുടെ ശബ്ദം ഉയർത്തുന്നതിന്റെ പേരിൽ 18,000 വട്ടം ഞാൻ കുറ്റവാളിയായാലും ഞാനത് തുടരും' സുരേഷ് ചാവങ്കെ അന്ന് പറഞ്ഞു.
ആരാണ് മോനു മനേസറും ബിട്ടു ബജ്റംഗിയും?
ബജ്റംഗ്ദൾ പ്രവർത്തകനായ മോനു മനേസർ പങ്കുവെച്ച വീഡിയോ ഹരിയാനയിലെ നൂഹിൽ സംഘർഷത്തിന് കാരണമായതായി റിപ്പോർട്ടുണ്ടായിരുന്നു. നൂഹിലെ ഘോഷയാത്രയിൽ താൻ പങ്കെടുക്കുമെന്നാണ് മോനു മനേസർ വീഡിയോയിൽ പറഞ്ഞത്. പശു സംരക്ഷനെന്ന് അവകാശപ്പെടുന്ന മോനു മനേസർ, രണ്ട് മുസ്ലിം കന്നുകാലി വ്യാപാരികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ ആരോപണം നേരിട്ടയാളാണ്. ഇരകളുടെ കത്തിക്കരിഞ്ഞ ശരീരങ്ങൾ ഭീവാനിയിലെ കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നൂഹിലെ സംഘർഷത്തിൽ മനേസറുടെ പങ്ക് അന്വേഷിക്കാൻ കഴിഞ്ഞാഴ്ച ഹരിയാന ഡിജിപി പി.കെ അഗർവാൾ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.
നൂഹിലെ ഘോഷയാത്രയിൽ പങ്കെടുക്കാൻ മോനു മനേസർ, തന്റെ അനുയായികളോടും ആഹ്വാനം ചെയ്തിരുന്നു. മോനുവിന്റെ സാന്നിധ്യം പ്രകോപനമുണ്ടാക്കാനിടയുണ്ടെന്ന് സ്ഥലം എം.എൽ.എ ചൗധരി അഫ്താബ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നൂഹിലൂടെയുള്ള യാത്രയ്ക്ക് അനുമതി നൽകിയ അധികൃതർ, ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ഇതിനു മുൻപുള്ള വർഷങ്ങളിൽ നൂഹിലൂടെ ഘോഷയാത്ര നടന്നിട്ടുണ്ടെന്നും സമാധാനപരമായാണ് അവയെല്ലാം നടന്നതെന്നും പ്രദേശത്തെ എല്ലാവരും ആ യാത്രയെ സ്വാഗതം ചെയ്തിരുന്നുവെന്നും എം.എൽ.എ പറഞ്ഞു. അധികൃതരുടെ അലംഭാവമാണ് ഇത്തവണ സംഘർഷത്തിലേക്ക് നയിച്ചതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഭിവാനിയിലാണ് കത്തിക്കരിഞ്ഞ കാറിൽ കൊല്ലപ്പെട്ട നിലയിൽ ജുനൈദ്, നസീർ എന്നീ രണ്ട് കന്നുകാലി വ്യാപാരികളെ കണ്ടെത്തിയത്. ബജ്‌റംഗ്ദൾ പ്രവർത്തകർ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇരുവരുടെയും കുടുംബം ആരോപിച്ചിരുന്നു. ഈ സംഭവത്തിൽ മോനു മനേസറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. മോനു മനേസറെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിൽ വിവരം ചോർന്നതോടെ അയാൾ രക്ഷപ്പെട്ടുവെന്നാണ് രാജസ്ഥാൻ പൊലീസ് പറഞ്ഞത്.
VHP says Bittu Bajrangi has nothing to do with Bajrang Dal