India
ഗവർണറുമായി ഇടഞ്ഞ് സ്റ്റാലിനും; അധികാരം വെട്ടിക്കുറച്ചു, സർവകലാശാലാ വി.സി നിയമനം നേരിട്ടു നടത്താൻ നിയമഭേദഗതി പാസാക്കി
India

ഗവർണറുമായി ഇടഞ്ഞ് സ്റ്റാലിനും; അധികാരം വെട്ടിക്കുറച്ചു, സർവകലാശാലാ വി.സി നിയമനം നേരിട്ടു നടത്താൻ നിയമഭേദഗതി പാസാക്കി

Web Desk
|
25 April 2022 12:53 PM GMT

നിലവിൽ നീറ്റ് വിഷയത്തിലടക്കം തമിഴ്‌നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടാതെ ഗവർണർ ആര്‍.എന്‍ രവി തടഞ്ഞുവച്ചിരിക്കുകയാണ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഗവർണർ-സർക്കാർ പോര് മുറുകുന്നു. സർവകലാശാലാ വൈസ് ചാൻസലർ(.വി.സി)മാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം. ഗവർണറുടെ അനുമതിയില്ലാതെ തന്നെ വൈസ് ചാൻസലർമാരെ നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ തമിഴ്‌നാട് നിയമസഭയിൽ പാസാക്കി. ഗവർണർ ആർ.എൻ രവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർവകലാശാലാ വി.സിമാരുടെ സമ്മേളനം തുടരുന്നതനിടെയാണ് പുതിയ നീക്കം.

തമിഴ്‌നാട് സർവകലാശാലാ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണ് ഇന്ന് സഭയിൽ പാസായത്. വി.സിമാരെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലാത്തത് ഉന്നത വിദ്യാഭ്യാസരംഗത്തെ ബാധിക്കുന്നുണ്ടെന്നാണ് നിയമഭേദഗതിക്ക് കാരണമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ നിലവിലെ സ്ഥിതി ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ സംസ്ഥാന സർക്കാരുമായി ആലോചിച്ചാണ് ഗവർണർ വൈസ് ചാൻസലർമാരെ നിയമിക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ നാലു മാസമായി പുതിയൊരു പ്രവണത ഉടലെടുത്തിട്ടുണ്ട്. വി.സി നിയമനം തങ്ങളുടെ പ്രത്യേക അവകാശമാണെന്ന മട്ടിലാണ് ഗവർണർമാർ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇത് ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അവഹേളിക്കുന്നതാണ്. ജനങ്ങളുടെ ഭരണമെന്ന തത്വത്തിനുമെതിരാണിത്-സ്റ്റാലിൻ പറഞ്ഞു.

നിലവിലെ സംവിധാനം സർവകലാശാലാ ഭരണതലത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പോലും സെർച്ച് കമ്മിറ്റി നിർദേശിച്ച മൂന്നുപേരിൽനിന്ന് വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന സർക്കാരാണ്. തെലങ്കാനയിലും കർണാടകയിലുമടക്കം സമാനമായ രീതിയാണ് പിന്തുടരുന്നതെന്നും സ്റ്റാലിൻ സൂചിപ്പിച്ചു.

ഭേദഗതി 'ഗവർണർ കടമ്പ' കടക്കുമോ?

പ്രതിപക്ഷ കക്ഷികളായ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും പുതിയ നിയമഭേദഗതിയെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാൻസലർ നിയമനത്തിൽ രാഷ്ട്രീയ പരിഗണനകൾ വരുമെന്നും ഇത് ഉന്നത വിദ്യാഭ്യാസ നിലവാരം ഇല്ലാതാക്കുമെന്നാണ് ഇവർ ഉന്നയിക്കുന്നത്. അക്കാദമികരംഗത്തു നിന്നും ഇത്തരത്തിലുള്ള വിമർശം ഉയർന്നിട്ടുണ്ട്.

എന്നാൽ, വി.സി നിയമനത്തിൽ ആർ.എൻ രവി അടക്കമുള്ള ഗവർണർമാർ സംസ്ഥാന സർക്കാരുമായി ഇടയുന്നത് കഴിഞ്ഞ കുറച്ചു വർഷമായി പതിവു കാഴ്ചയായിട്ടുണ്ട്. വി.സി സ്ഥാനത്തേക്കുള്ള സർച്ച് കമ്മിറ്റിയുടെ നാമനിർദേശങ്ങൾ ആർ.എൻ രവി തള്ളിക്കളഞ്ഞിരുന്നു. ഇത് സ്റ്റാലിൻ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലേക്ക് നയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഗവർണർ സ്വന്തമായി ഊട്ടിയിൽ തമിഴ്‌നാട്ടിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം വിളിച്ചുചേർത്തത്. പൊതു-സ്വകാര്യ സർവകലാശാലാ വി.സിമാരെല്ലാം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

എന്നാൽ, ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കണം. ഗവർണറാണ് ബിൽ രാഷ്ട്രപതിക്ക് കൈമാറേണ്ടത്. നിലവിൽ നീറ്റ് വിഷയത്തിലടക്കം തമിഴ്‌നാട് സർക്കാർ പാസാക്കിയ 10 ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാതെ ഗവർണർ പിടിച്ചുവച്ചിരിക്കുകയാണ്. ഇതിനാൽ, പുതിയ ഭേദഗതിയും പ്രാബല്യത്തിൽ വരിക ദുഷ്‌ക്കരമായിരിക്കും. ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാതെ പിടിച്ചുവയ്ക്കുന്നതിൽ പ്രതിഷേധിച്ച് അടുത്തിടെ ഗവർണർ നടത്തിയ ചായസൽക്കാരം സർക്കാർ ബഹിഷ്‌ക്കരിച്ചിരുന്നു.

Summary: The Tamil Nadu Assembly passed a Bill that will enable the state government to take over the Governor's power to appoint vice-chancellors to universities

Similar Posts