വിജയദിവസം ഇന്ന്; ഒരു വർഷത്തെ സമരത്തിന് ശേഷം കർഷകർ ഡൽഹിയിൽനിന്ന് മടങ്ങും
|വിവാദ കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിക്കുകയും ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്തതോടെയാണ് കർഷകർ മടങ്ങുന്നത്
ഡൽഹി കേന്ദ്രീകരിച്ച് സമരം നടത്തിയിരുന്ന കർഷകർ ഇന്ന് വിജയദിവസം ആഘോഷിക്കും, ഒരു വർഷം നീണ്ട സമരം അവസാനിപ്പിച്ച് സിംഗു അതിർത്തിയിൽ നിന്നും മടങ്ങുകയും ചെയ്യും. വിവാദ കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിക്കുകയും ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്തതതോടെ കർഷകർ മടങ്ങുന്നത്. എംഎസ്പിക്കായി പുതിയ സമിതി, കർഷകർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കും, എന്നിങ്ങനെയാണ് കേന്ദ്രം നൽകിയ ഉറപ്പുകൾ. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ രേഖാമൂലം കിസാൻ സംയുക്ത മോർച്ചയ്ക്ക് ഉറപ്പ് നൽകുകയായിരുന്നു.
സിംഗുവിലെ ടെൻറുകൾ കർഷകർ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെ സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കൂ എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കേസുകൾ പിൻവലിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂ എന്നും കർഷക സംഘനടകൾ വ്യക്തമാക്കി. ഒടുവിൽ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയ കേന്ദ്രം, കേസുകളെല്ലാം പിൻവലിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയായിരുന്നു.
മിനിമം താങ്ങുവിലയ്ക്ക് നിയമസാധുത നൽകുന്നതിന് നടപടി എടുക്കാമെന്നതാണ് കേന്ദ്ര സർക്കാർ അറിയിച്ച മറ്റൊരു നയംമാറ്റം. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരും കാർഷിക വിദഗ്ധരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ച പ്രതിനിധികളും അടങ്ങുന്ന സമിതിയുണ്ടാക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കർഷകസമരത്തിൽ മരിച്ചവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നൽകിയ പഞ്ചാബ് സർക്കാറിന്റെ മാതൃകയിൽ ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകൾ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും കേന്ദ്ര സർക്കാർ അംഗീകരിച്ചു. രേഖാമൂലം ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം പിൻവലിച്ച് വിജയ പ്രഖ്യാപനം നടത്തുന്നത്. നേരത്തെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും രാഷ്ട്രപതി ഒപ്പിട്ടതോടെ റദ്ദായിരുന്നു.
സമരക്കാർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാമെന്നും കർഷക സംഘടനകൾക്ക് കേന്ദ്രസർക്കാർ ഉറപ്പ് നൽകി. സംയുക്ത കിസാൻ മോർച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അതിർത്തികൾ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ് കർഷക സംഘടനകൾ ആലോചിക്കുന്നത്.
The farmers, who were protesting in Delhi, will celebrate Victory Day today and return from the Singh border today after ending a year - long strike.