ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം; പുഷ്‌കർ സിങ് ധാമിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തുടരാം
|കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഖാതിമ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ധാമി പരാജയപ്പെട്ടിരുന്നു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്നതിൽ നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ പുഷ്‌കർ സിങ് ധാമിക്ക് വൻ വിജയം. പ്രധാന എതിരാളി കോൺഗ്രസ് നേതാവ് നിർമല ഗെഹ്തോറിയേക്കാൾ 55,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ധാമി വിജയിച്ചത്. ആകെ വോട്ടിന്റെ 92.94 ശതമാനം (58,258) വോട്ടാണ് ഇദ്ദേഹം നേടിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുൻ മുഖ്യമന്ത്രിയായ ധാമിയെ ബിജെപി മുഖ്യമന്ത്രിയാക്കുകയായിരുന്നു. തുടർന്നാണ് ഇദ്ദേഹം ചമ്പാവതിൽ മത്സരിച്ചത്. ചമ്പാവതിൽനിന്ന് വിജയിച്ച കൈലാഷ് ഗെഹ്തോറി പുഷ്‌കർ സിങ് ധാമിക്കായി എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. സമാജ്വാദി പാർട്ടിയിലെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർഥി ഹിമാഷു ഗഡ്കോട്ടി എന്നിവരും ചമ്പാവതിൽ മത്സരിച്ചിരുന്നു.
2022ലെ തെരഞ്ഞെടുപ്പിൽ ഖാതിമ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ധാമി പരാജയപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6000 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയിരുന്നത്. ഉത്തരാഖണ്ഡിൽ ബി.ജെ.പി സമഗ്രാധിപത്യം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ തോൽവി വിജയത്തിന്റെ മാറ്റ് കുറച്ചിരുന്നു. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയുടെ കീഴിലെ ഖാതിമ നിയമസഭാ മണ്ഡലത്തിൽ പുഷ്‌കർ സിംഗ് ധാമി മൂന്നാം തവണയായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ മുഖ്യമന്ത്രിയായ ശേഷം ആദ്യ തെരഞ്ഞെടുപ്പായിരുന്നു. 2017ൽ 2709 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിനും 2912ൽ 5394 വോട്ടുകൾക്കും ധാമി വിജയിച്ചു കയറിയിരുന്നു. പിന്നീടാണ് തോറ്റത്.
മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു ഹരീഷ് റാവത്ത് 2017 ൽ ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടിയത്. എന്നാൽ രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഹരീഷ് റാവത്ത് തോൽവി സമ്മതിച്ചു. ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കും ദയനീയമായി തോൽക്കുകയായിരുന്നു. 2012 ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു.
മുഖ്യമന്ത്രി സ്ഥാനാർഥിമാർ ജയിച്ചുകയറാത്തത് മാത്രമല്ല, മുഖ്യമന്ത്രിമാർക്ക് അഞ്ചുകൊല്ലം തികച്ച് ഭരിക്കാനാവാത്തതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്. സംസ്ഥാനം നിലവിൽ വന്നിട്ട് 21 വർഷമായിട്ടൊള്ളൂവെങ്കിലും ഈ കാലയളവിൽ ഉത്തരാഖണ്ഡിൽ 10 മുഖ്യമന്ത്രിമാരാണ് ഭരിച്ചത്. കോൺഗ്രസിന്റെ എൻ.ഡി.തിവാരി ഒഴികെ മറ്റാർക്കും ഇവിടെ അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ല. 2017ലെ പോലെ തന്നെ 2007 ൽ രണ്ടു തവണ മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ട്. 2017 ൽ ഭരണത്തിലേറിയ ബി.ജെ.പി മന്ത്രിസഭയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കർ സിങ് ധാമി.
21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു ഭരണകൂടത്തിന് അധികാരത്തുടർച്ചയുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്.
Big victory in by-elections; Pushkar Singh Dhami can continue as Uttarakhand Chief Minister