കാറിനു മുന്നില്‍ തടിച്ചു കൂടിയ സ്ത്രീകള്‍ക്ക് നോട്ടുകള്‍ വാരി വിതറി തേജസ്വി യാദവ്; വിവാദമായി വീഡിയോ
|ബിഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് തേജസ്വിയുടെ നടപടി
ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ കാറിനു മുന്നില്‍ തടിച്ചു കൂടിയ സ്ത്രീകള്‍ക്ക് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് നോട്ടുകള്‍ വിതരണം ചെയ്തത് വിവാദമാകുന്നു. ബിഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് തേജസ്വിയുടെ നടപടി.
കാറിനുള്ളില്‍ തേജസ്വി ഇരിക്കുന്നതും സ്ത്രീകള്‍ക്ക് 500 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനാണ് താനെന്ന് പരിചയപ്പെടുത്തി കൊണ്ടാണ് തേജസ്വി നോട്ടുകള്‍ വിതരണം ചെയ്യുന്നത്. ജെ.ഡി.യു നേതാവ് നീരജ് കുമാറാണ് വിവാദ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വ്യാഴാഴ്ച തേജസ്വി യാദവ് ഗോപാല്‍ഗഞ്ചിലെ പൊതുയോഗത്തില്‍ പങ്കെടുത്തു മണിക്കൂറുകള്‍ക്ക് ശേഷമാണ് നീരജ് വീഡിയോ ഷെയര്‍ ചെയ്തത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നിഷ്ക്കളങ്കമായ സ്ത്രീകളെ തേജസ്വി യാദവ് കബളിപ്പിക്കുകയാണെന്ന് നീരജ് കുമാര്‍ ആരോപിച്ചു. രാഷ്ട്രീയത്തില്‍ ഒരു വ്യക്തിത്വവുമില്ലാത്ത നേതാവാണ് തേജസ്വിയെന്നും ജനങ്ങളുടെ കരുണയിലാണ് ഇപ്പോഴും നേതാവായി കഴിയുന്നതെന്നും പിതാവിന്റെ പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നതെന്നും നീരജ് കുമാര്‍ പറയുന്നു. ലാലു പ്രസാദ് യാദവ് പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചു. തേജസ്വി യാദവ് കൂടുതല്‍ മുന്നോട്ടു പോയി. തേജസ്വിക്ക് എന്തെങ്കിലും നൽകണമെങ്കിൽ ലാലു പ്രസാദിന്റെ കുടുംബത്തിന്റെ പേരിൽ എഴുതിയ ഭൂമി തിരികെ നൽകണമായിരുന്നുവെന്നും നീരജ് കുമാര്‍ പറഞ്ഞു.
എന്നാല്‍ പാവങ്ങളെ സഹായിക്കുന്നതില്‍ എന്താണ് തെറ്റെന്ന വിശദീകരണവുമായി ആര്.ജെ.ഡി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കെ സര്‍ക്കാര്‍ വ്യാപകമായ രീതിയില്‍ ട്രാന്‍സ്ഫറുകള്‍ നടത്തുന്നുണ്ടെന്നും ആര്.ജെ.ഡി ചൂണ്ടിക്കാട്ടി.