India
ദലിത്  വീട്ടില്‍ പ്രഭാതഭക്ഷണം; പക്ഷെ കര്‍ണാടക മുഖ്യമന്ത്രിക്ക് ബ്രാന്‍ഡഡ് ചായപ്പൊടി തന്നെ വേണം: വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്
India

ദലിത് വീട്ടില്‍ പ്രഭാതഭക്ഷണം; പക്ഷെ കര്‍ണാടക മുഖ്യമന്ത്രിക്ക് ബ്രാന്‍ഡഡ് ചായപ്പൊടി തന്നെ വേണം: വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

Web Desk
|
14 Oct 2022 3:17 AM GMT

ബൊമ്മൈ, യെദ്ദിയൂരപ്പ, ടൂറിസം മന്ത്രി ആനന്ദ് സിംഗ്, ജലവിഭവ മന്ത്രി ഗോവിന്ദ് കര്‍ജോള്‍, മറ്റ് ബി.ജെ.പി നേതാക്കള്‍ എന്നിവരാണ് ബുധനാഴ്ച വിജയനഗര ജില്ലയിലെ കമലാപുരയിലെ ഒരു വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചത്

ബംഗളൂരു: ദലിത് കുടുംബത്തിന്‍റെ വീട്ടിലെ സന്ദര്‍ശനത്തിനിടെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പക്കും സാധാരണ ചായപ്പൊടിക്കു പകരം ബ്രാന്‍ഡഡ് ചായപ്പൊടി മാത്രം ഉപയോഗിക്കാന്‍ കുടുംബത്തോട് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്.

ബൊമ്മൈ, യെദ്ദിയൂരപ്പ, ടൂറിസം മന്ത്രി ആനന്ദ് സിംഗ്, ജലവിഭവ മന്ത്രി ഗോവിന്ദ് കര്‍ജോള്‍, മറ്റ് ബി.ജെ.പി നേതാക്കള്‍ എന്നിവരാണ് ബുധനാഴ്ച വിജയനഗര ജില്ലയിലെ കമലാപുരയിലെ ഒരു വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രഭാതഭക്ഷണത്തിന്‍റെ ചിത്രവും വീഡിയോയും പങ്കുവെച്ചു. മുഖ്യമന്ത്രിയും സംഘവും അവിടെ എത്തുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കുന്ന വീഡിയോയാണ് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവച്ചത്.

വീഡിയോയില്‍ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറോടൊപ്പമുള്ള ഉദ്യോഗസ്ഥന്‍ സാമ്പിള്‍ എടുക്കൂയെന്ന് പറയുന്നത് കേള്‍ക്കാം. ''250 ഗ്രാം... ഏതെങ്കിലും കമ്പനിയുടെ ചായ. ബ്രൂക്ക് ബോണ്ടോ കണ്ണന്‍ ദേവനോ അങ്ങനെ ഏതെങ്കിലും ബ്രാന്‍ഡഡ് കമ്പനിയുടെ ചായപ്പൊടി ഉപയോഗിച്ചാല്‍ മതി'' എന്നാണ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കുന്നത്.

ദലിത് കുടുംബത്തോട് ബ്രാന്‍ഡഡ് സാധനങ്ങള്‍ ഉപയോഗിക്കണമെന്നും മറ്റുള്ളവ ഉപയോഗിക്കരുതെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നാണ് ഒരു പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പാക്ക് ചെയ്ത കുടിവെള്ളം മാത്രമാണ് നല്‍കിയതെന്നും വീഡിയോയില്‍ പറയുന്നു. ഈ സംഭവം സംഘ്പരിവാറിന്‍റെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ''മുഖ്യമന്ത്രിയുടെ ദലിത് വീട്ടിലെ ഭക്ഷണം എന്ന പ്രഹസനത്തിലൂടെ സംഘ്പരിവാറിന്‍റെ യഥാര്‍ത്ഥ മാനസികാവസ്ഥ വെളിച്ചത്തുവന്നിരിക്കുന്നു. ദലിതരുടെ വീട്ടിലെ ഭക്ഷണം ബി.ജെ.പിക്ക് അപമാനമായിരുന്നു. ദലിതരെ അപമാനിക്കാനാണോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവരുടെ വീട്ടില്‍ കയറിയത്? ദലിതരെ ബി.ജെ.പിക്ക് ഇത്ര സംശയമുണ്ടോ? കോണ്‍ഗ്രസ് ട്വീറ്റില്‍ ചോദിച്ചു. ബി.ജെ.പി ഇതിനോട് പ്രതികരിച്ചിട്ടില്ല.


Similar Posts