India
വരവറിയിച്ച് വിജയ് ഫാന്‍സ്; തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ 109 സീറ്റ്
India

വരവറിയിച്ച് വിജയ് ഫാന്‍സ്; തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ 109 സീറ്റ്

Web Desk
|
13 Oct 2021 9:17 AM GMT

അതേസമയം, തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും

തമിഴ് രാഷ്ട്രീയത്തില്‍ വരവറിയിച്ച് നടന്‍ വിജയുടെ ഫാന്‍സ് അസോസിയേഷന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ തുടക്കം. പുതുയായി രൂപീകരിച്ച 9 ജില്ലകളിലെ തദ്ദേശ തെരഞ്ഞെടുപ്പാണ് നടന്നത്. ഇതില്‍ 109 വാര്‍ഡുകളില്‍ വിജയ് മക്കള്‍ ഇയക്കം വിജയിച്ചു.

നേരത്തെ, വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയപാര്‍ട്ടി പിരിച്ചുവിട്ടതായി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയപാര്‍ട്ടിയാക്കാന്‍ പിതാവ് നീക്കം നടത്തിയത്.എന്നാല്‍ ഇതിനെ എതിര്‍ത്ത് വിജയ് രംഗത്തുവരികയും തന്റെ പേരില്‍ രാഷ്ട്രീയ സംഘടനയുണ്ടാക്കുന്നതിന് എതിരെ കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ആരാധക സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് മത്സരിക്കാനും തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനും വിജയ് അനുവാദം നല്‍കിയിരുന്നു.

എഐഎഡിഎംകെ പൂര്‍ണമായി തകര്‍ന്നടിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍, വിജയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമില്ലാതെതന്നെ ആരാധക സംഘടനയ്ക്ക് നേട്ടം കൈവരിക്കാനായി എന്നത് ശ്രദ്ധേയമാണ്.വടക്കന്‍ ജില്ലകളായ കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, മധ്യ ജില്ലകളായ വുല്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍,തെക്കന്‍ ജില്ലയായ തെങ്കാശി എന്നിവിടങ്ങളിലാണ് സംഘടന മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്.

അതേസമയം, തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സമാന മുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്തു സീറ്റുകളില്‍ 88ലും ഡിഎംകെ ജയിച്ചു. നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങി. 1381 പഞ്ചായത്ത് വാര്‍ഡുകളില്‍ 300എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. 11വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ 50സീറ്റുകളില്‍ ജയിച്ചു. എഐഎഡിഎംകെയ്‌ക്കൊപ്പം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്.ഇവര്‍ 13സീറ്റ് നേടി.

Similar Posts