തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് ആരാധകരുടെ സംഘടന
|വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെങ്കിലും തന്‍റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം
തമിഴ്നാട്ടില്‍ അടുത്ത മാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി വിജയ് ആരാധകരുടെ സംഘടന 'വിജയ് മക്കള്‍ ഇയക്കം'. സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരത്തിന്‍റെ അനുമതി ലഭിച്ചു.
ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒന്‍പത് തീയതികളിൽ നടക്കുന്നത്. അംഗങ്ങള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരത്തിനിറങ്ങുന്നത്. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെങ്കിലും തന്‍റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ 128 പേർ മത്സരിക്കുമെന്നാണ് സൂചന. വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറൽ സെക്രട്ടറി ആനന്ദ് നടത്തിയ ചർച്ചയിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് ഈ നീക്കമെന്ന് വാദങ്ങള്‍ ഉയര്‍ന്നെങ്കിലും സംഘടനാ നേതാക്കള്‍ ഇത് തള്ളി. നേരത്തേ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്‌യുടെ പേരിൽ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പുതിയ രാഷ്ട്രീയപ്പാർട്ടി രൂപവത്കരിക്കാൻ ശ്രമിച്ചെങ്കിലും വിജയ് ഇതിനെ തള്ളി രംഗത്തെത്തിയിരുന്നു.