വിജയ് മല്യയും നീരവ് മോദിയുമൊക്കെ രാജ്യം വിട്ടത് അന്വേഷണ ഏജൻസികളുടെ പരാജയം മൂലം; ഇ.ഡിയോട് കോടതി
|മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെയാണ് അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
മുംബൈ: ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പ് നടത്തിയ വ്യവസായ ഭീമന്മാരായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ രാജ്യം വിട്ടത് ഇവരെ യഥാസമയം പിടികൂടുന്നതിൽ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ടതിനാലാണ് രാജ്യം വിട്ടതെന്ന് കോടതി. മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെയാണ് അന്വേഷണ ഏജൻസികൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ വ്യോമേഷ് ഷാ, ജാമ്യ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം. വിദേശയാത്രയ്ക്ക് കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന ജാമ്യ വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് വ്യോമേഷ് ഷാ കോടതിയെ സമീപിച്ചത്.
ഹരജി എതിർത്ത അന്വേഷണ ഏജൻസിയായ ഇ.ഡി, പ്രതിയുടെ അപേക്ഷ പരിഗണിച്ചാൽ ചിലപ്പോൾ തിരിച്ചുവരില്ലെന്നും മുമ്പ് നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി എന്നിവർ രാജ്യംവിട്ടതുപോലെയാവുമെന്നും വാദിച്ചപ്പോഴായിരുന്നു കോടതി വിമർശനം. ഇ.ഡിയുടെ വാദം തള്ളിയ കോടതി, 'യഥാസമയം അവരെ അറസ്റ്റ് ചെയ്യുന്നതിൽ ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെ പരാജയം കാരണമാണ് ഇവരെല്ലാം ഓടിപ്പോയതെന്ന് മനസിലാക്കണം'- എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
'വ്യോമേഷ് ഇവരെ പോലെയല്ല, അദ്ദേഹം സമൻസിനോട് പ്രതികരിച്ച് കോടതിയിൽ ഹാജരാവുകയും ജാമ്യം നേടുകയും വിദേശയാത്രയ്ക്ക് നിരവധി തവണ അപേക്ഷിക്കുകയും ചെയ്തു. വ്യോമേഷിന്റെ കേസ് ഒരിക്കലും നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി എന്നിവരുടേതു പോലെയല്ല'- കോടതി വ്യക്തമാക്കി.
കള്ളപ്പണക്കേസിൽ 2022ലാണ് വ്യോമേഷ് അറസ്റ്റിലാവുന്നത്. പിന്നീട് ഇയാൾക്ക് ജാമ്യം അനുവദിച്ചപ്പോൾ രാജ്യം വിടരുതെന്ന നിബന്ധന വച്ചിരുന്നു. എന്നാൽ, ജോലിയുടെ ഭാഗമായി തനിക്ക് നിരന്തരമായി വിദേശയാത്ര നടത്തേണ്ടി വരുമെന്നും അതിനാൽ ജാമ്യാപേക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ട് വ്യോമേഷ് കോടതിയെ സമീപിക്കുകയായിരുന്നു.
പ്രമുഖ വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും കോടികളുടെ പിഎൻബി അഴിമതിക്കേസിലെ മുഖ്യപ്രതികളാണ്. നീരവ് മോദി നിലവിൽ യു.കെയിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. എന്നാൽ മെഹുൽ ചോക്സി ആൻ്റിഗ്വയിലാണ് താമസിക്കുന്നത്.
ഇന്ത്യയില്‍ മാത്രം നാലായിരത്തിലേറെ ശാഖകളുള്ള ഗീതാഞ്ജലി ജ്വല്ലറിയുടെ ഉടമയാണ് മെഹുല്‍ ചോക്സി. നീരവ് മോദിയെയും മല്യയെയും പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ചോക്സിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളുമായി അന്വേഷണ ഏജൻസികൾ മുന്നോട്ട് പോവുകയാണ്.