ഡൽഹി മദ്യനയ അഴിമതി; മലയാളിയായ വിജയ് നായർ അറസ്റ്റിൽ
|അഴിമതിയുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്നാണ് സിബിഐ പറയുന്നത്.
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മലയാളിയും ഒൺലി മച്ച് ലൗഡർ എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒയുമായ വിജയ് നായർ അറസ്റ്റിൽ. സിബിഐ ആണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയായ വിജയ് നായരെ അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെ മദ്യനയ കേസിലെ ആദ്യ അറസ്റ്റാണിത്. ചൊവ്വാഴ്ച സിബിഐ ഓഫീസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ മദ്യ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടുകളിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
അഴിമതിയുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്നാണ് സിബിഐ പറയുന്നത്. മദ്യനയം രൂപീകരിച്ചതിൽ 38കാരനായ വിജയ് നായർക്ക് മുഖ്യ പങ്കുണ്ടെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
വിജയ് നായർ വഴിയാണ് മദ്യക്കച്ചവട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതെന്നാണ് സിബിഐയുടെ ആരോപണം. ആരോപണ വിധേയരിൽ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളും ഉദ്യോഗസ്ഥനോ മദ്യവ്യാപാരിയോ അല്ലാത്ത ഒരേയൊരു വ്യക്തിയും വിജയ് നായരാണ്.
അതേസമയം, താൻ രാജ്യം വിട്ടുവെന്ന ആരോപണങ്ങൾ 38കാരനായ വിജയ് നായർ കഴിഞ്ഞ മാസം തള്ളിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്ത് പോയതാണെന്നും നായർ പറഞ്ഞിരുന്നു.
നിരവധി സ്റ്റാൻഡ്-അപ്പ് കോമഡിയൻമാരുമായും അവരുമായി ബന്ധപ്പെട്ട കമ്പനികളുമായും അടുത്ത ബന്ധമുള്ളയാളാണ് വിജയ് നായർ. സംഗീതോത്സവങ്ങളായ ഇൻവേഷൻ ഫെസ്റ്റിവൽ, ബകാർഡി എൻഎച്ച് 7 വീക്കെൻഡർ, എന്നിവയുടെയും ടെലിവിഷൻ ഷോ ആയ ദ ദേവറിസ്റ്റ്റ്റ്സിന്റെയും സംഘാടകനാണ്.
അതേസമയം, സിബിഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എഎപി പ്രതികരിച്ചു. കേസിൽ മനീഷ് സിസോദിയയും വിജയ് നായരും ഉൾപ്പെടെ 14 പേരാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.
നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്കാന് കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം മനീഷ് സിസോദിയയുടെ വസതിയിൽ ഉൾപ്പെടെ 21 ഇടത്ത് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.