India
ഇന്‍സ്റ്റാഗ്രാമിനെ വിറപ്പിച്ച് വിജയ്, മോഹന്‍ലാലിനെതിരെ ശ്രീനിവാസന്‍....അറിയാം ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍ഡിങ്സ്
India

ഇന്‍സ്റ്റാഗ്രാമിനെ വിറപ്പിച്ച് വിജയ്, മോഹന്‍ലാലിനെതിരെ ശ്രീനിവാസന്‍....അറിയാം ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍ഡിങ്സ്

Web Desk
|
2 April 2023 6:49 PM GMT

ഇരട്ട കുഞ്ഞുങ്ങളുടെ പേര് നടി നയന്‍താര വെളിപ്പെടുത്തി

കൂറ്റൻ ജയവുമായി സഞ്ജുവും സംഘവും

ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യ മത്സരത്തിൽ തന്നെ രാജകീയമായാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ തുടങ്ങിയത്. ടീമിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് സഞ്ജുവിന്റെ തകർപ്പൻ അർധ സെഞ്ച്വറിയാണ്. 32 പന്തിൽ നാല് സിക്‌സുകളുടേയും മൂന്ന് ഫോറുകളുടേയും അകമ്പടിയിലാണ് സഞ്ജു അർധ ശതകം പൂർത്തിയാക്കിയത്.

തുടർച്ചയായി നാലാം ഐ.പി.എല്ലിലാണ് സഞ്ജു ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി തികക്കുന്നത്. 2020 ൽ 74, 2021 ൽ 119, 2022ൽ 55, 2023ൽ 55 ഇങ്ങനെയാണ് ഐ.പി.എൽ ആദ്യ മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോറുകൾ.

ബട്‌ലർ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സഞ്ജു തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായിരുന്നു. ഉംറാന്‍ ഖാനും ഭുവനേശ്വർ കുമാറുമടക്കം ഹൈദരാബാദിന്റെ പേര് കേട്ട ബോളർമാരൊക്കെ സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒടുക്കം 19 ാം ഓവറില്‍ നടരാജന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുമെന്ന താരമെന്ന റെക്കോര്‍ഡും സഞ്ജു തന്‍റെ പേരില്‍ കുറിച്ചു. 725 റണ്‍സാണ് ഹൈദാബാദിനെതിരെ സഞ്ജുവിന്‍റെ അക്കൌണ്ടിലുള്ളത്.

ശ്രീലങ്കക്കെതിരായ പരമ്പരയിൽ പരിക്കേറ്റ് പുറത്തായതിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു ആദ്യമായാണ് അതിന് ശേഷം ഒരു മത്സരത്തിനിറങ്ങുന്നത്. തുടക്കം തന്നെ താരം ഗംഭീരമാക്കി. ആസ്ത്രേലിയക്കെതിരായ പരമ്പരയില്‍ ഫോമില്‍ അല്ലാത്ത പലരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിനെ തഴഞ്ഞതില്‍ ബി.സി.സി.ഐക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഈ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ വച്ച് ഏകദിന ലോകകപ്പ് അരങ്ങേറാനിരിക്കേ ഐ.പി.എല്ലില്‍ താരത്തിന്‍റെ പ്രകടനം നിര്‍ണായകമാണ്.

അര്‍ധ സെഞ്ച്വറിയുമായി സഞ്ജുവും ജോസ് ബട്‍ലറും യശസ്വി ജയസ്വാളും തകര്‍ത്തടിച്ചപ്പോല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മികച്ച സ്കോറാണ് പടുത്തുയര്‍ത്തിയത്. രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു

ഇന്‍സ്റ്റാഗ്രാമിനെ തീപ്പിടിപ്പിച്ച് വിജയ്, അക്കൗണ്ട് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു മില്യണ്‍ ഫോളോവേഴ്സ്

അക്കൗണ്ട് തുറന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റാഗ്രാമിനെ തീപ്പിടിപ്പിച്ച് തമിഴ് നടന്‍ വിജയ്. 'ആക്ടര്‍ വിജയ്' എന്ന പേരിലാണ് വിജയ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് തുറന്നത്. അക്കൗണ്ട് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു മില്യണ്‍ ഫോളോവേഴ്സിനെ വിജയ് സ്വന്തമാക്കി. ഒരൊറ്റയാളെ പോലും വിജയ് പക്ഷേ ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ലായെന്നതും ശ്രദ്ധേയമാണ്. സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ മാത്രമാണ് വിജയ് ഇതിന് മുമ്പ് സജീവമായിരുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ്‍ നിലവിലിപ്പോള്‍. 'ഹലോ നന്‍പാ, നന്‍പീസ്', എന്ന തലക്കെട്ടില്‍ ലിയോയുടെ സെറ്റില്‍ നിന്നുള്ള സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചിത്രമാണ് വിജയ് ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഈ ഫോട്ടോക്ക് ഒരു മില്യണ്‍ ലൗ റിയാക്ഷന്‍ ലഭിച്ചിട്ടുണ്ട്. നിരവധി സെലിബ്രൈറ്റികളാണ് താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ സ്നേഹവും സ്വാഗതവും നേര്‍ന്നിരിക്കുന്നത്.

രാജസ്ഥാന് കൂറ്റന്‍ ജയം, മിന്നും ഫോമില്‍ ജോസ് ബട്‍ലര്‍

ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ ജയം. കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ മികച്ച ഫോമിലാണ് ജോസ് ബട്‍ലർ. അര്‍ധ സെഞ്ച്വറി നേടിയ ബട്ലറിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും യശസ്വി ജയസ്വാളും രാജസ്ഥാന്‍റെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയേടത്ത് നിന്ന് തുടങ്ങിയ ജോസ് ബട്‍ലര്‍ വെറും 22 പന്തില്‍ മൂന്ന് സിക്സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. തുടക്കം മുതല്‍ തന്നെ അക്രമിച്ച് കളിച്ച ബട്‍ലര്‍ ജയസ്വാള്‍ കൂട്ടുകെട്ട് സ്കോര്‍ ബോര്‍ഡില്‍ 85 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 54 റണ്‍സെടുത്ത ബ‍ട്‍ലറിനെ ഫസലുല്‍ ഹഖ് ഫാറൂഖിയാണ് പുറത്താക്കിയത്.

കുരുത്തോല പെരുന്നാള്‍

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. തന്‍റെ കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലേമിലേക്കു എത്തിയതിന്‍റെ ഓർമ്മ ആചരിക്കുന്ന ദിവസമാണ് കുരുത്തോലപ്പെരുന്നാൾ. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു ജറുസലേമിലേക്കു വന്ന അവനെ ഓശാന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്‍റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ എന്നു വിളിക്കുന്നത്.

അന്നേ ദിവസം ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്.

ഇരട്ട കുഞ്ഞുങ്ങളുടെ പേര് വെളിപ്പെടുത്തി നയന്‍താര

ചെന്നൈയില്‍ വെച്ച് നടന്ന ബിഹൈന്‍ഡ് വുഡ്സ് പുരസ്കാര ചടങ്ങില്‍ വെച്ച് തങ്ങളുടെ ഇരട്ടുകുഞ്ഞുങ്ങളുടെ പേര് വെളിപ്പെടുത്തി നടി നയന്‍താര. ഉയിര്‍ രുദ്രോണി എന്‍ ശിവന്‍, ഉലഗ് ദൈവഗ് എന്‍ ശിവന്‍ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകളെന്ന് നയന്‍താര പറഞ്ഞു. ബെസ്റ്റ് ആക്ട്രസ് അവാര്‍ഡ് ഓഫ് ദി ഡീക്കേഡ് പുരസ്കാരം സംവിധായകന്‍ മണിരത്നം നയന്‍താരക്ക് സമ്മാനിച്ചു.

മോഹന്‍ലാലിനെതിരെ ശ്രീനിവാസന്‍, അഭിമുഖം വിവാദം

മോഹന്‍ലാലിനെതിരായ ശ്രീനിവാസന്‍റെ വിവാദ പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ വലിയ ചര്‍ച്ചയായി. മോഹന്‍ലാലിന്‍റെ കാപട്യം തുറന്നുപറഞ്ഞതായും മരിക്കും മുന്‍പ് എല്ലാം തുറന്ന് എഴുതുമെന്നും ശ്രീനിവാസന്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നടന്‍ പ്രേം നസീറിന് മോഹന്‍ലാലിനെ വെച്ച് കൊണ്ട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നതായും മോഹന്‍ലാലിന് അദ്ദേഹത്തിന്‍റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും തന്നോട് മാത്രമെ ഇക്കാര്യം പറഞ്ഞിട്ടുള്ളൂവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഡോ. സരോജ് കുമാര്‍ എന്ന സിനിമ സംവിധായകന്‍ രാജീവ് നാഥില്‍ നിന്നുമുള്ള അനുഭവത്തില്‍ എഴുതിയതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനെ ചുംബിക്കുന്നതായ സംഭവം ഓര്‍ത്തെടുത്ത ശ്രീനിവാസന്‍ മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെന്ന് പരിഹസിച്ചു. ഡോ സരോജ് കുമാര്‍ എന്ന സിനിമ ഒരു തരത്തില്‍ മോഹന്‍ലാലിന്‍റെ സ്പൂഫ് ആയിരുന്നില്ലേയെന്നും അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ലായെന്നായിരുന്നു മറുപടി.

Similar Posts