സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയെ ചോദ്യം ചെയ്തു
|സ്വപ്ന സുരേഷിന്റെ മൊഴിയും പൊലീസ് വീഡിയോയിൽ പകർത്തി
ബംഗളൂരു: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയെ ബംഗളൂരു കെ.ആർ.പുര പൊലീസ് ചോദ്യം ചെയ്തു. ബെംഗളൂരുവിൽ സ്വപ്ന സുരേഷ് നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. കെ.ആർ പുരം പൊലീസ് സംഭവം നടന്നതായി പറയുന്ന ഹോട്ടലിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സ്വപ്ന സുരേഷിന്റെ മൊഴിയും പൊലീസ് വീഡിയോയിൽ പകർത്തി.
സുറി ഹോട്ടലിൽ വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു. നേരത്തേ വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. വിജേഷിനൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്നായിരുന്നു ഹോട്ടൽ അധികൃതരുടെ വെളിപ്പെടുത്തൽ. ആ അജ്ഞാതൻ ആരാണെന്ന ചോദ്യമുയർത്തി സ്വപ്‌ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിച്ച് നാടുവിടണമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ പരാതി. ആരോപണം തള്ളിയ വിജേഷ് പിള്ള, താൻ ഒരു ഒടിടി സീരീസിന്റെ ആവശ്യങ്ങൾക്കായാണ് സ്വപ്നയെ കണ്ടതെന്ന് പ്രതികരിച്ചിരുന്നു.
അതേസമയം, സിപിഎം നേതാവിന്റെ പരാതിയിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാപശ്രമം, ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷാണ് പൊലീസിൽ പരാതി നൽകിയത്. പാർട്ടി നേതാക്കൾക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിക്കാരൻ ആരോപിച്ചു.