അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
|അന്താരാഷ്ട്ര കായിക കോടതി വാദം കേൾക്കും
ഡല്‍ഹി: അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. അന്താരാഷ്ട്ര കായിക കോടതി വാദം കേൾക്കും. ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളിമെഡൽ പങ്കിടണമെന്നാണ് താരത്തിന്റെ ആവശ്യം. ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരയോടെ വാദം തുടങ്ങും.
അതേസമയം ഗുസ്തി 57 കിലോ പുരുഷ വിഭാഗത്തിൽ അമൻ സെഹ്റാവത്ത് ഇന്ന് വെങ്കലപോരാട്ടത്തിന് ഇറങ്ങും. പുവർട്ടോ റിക്കോയുടെ ഡാരിയൻ ക്രസ്സാണ് എതിരാളി. 4*400 മീറ്റർ ഓട്ടത്തിൽ പുരുഷ - വനിതാ ടീമുകൾ ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. ഗോൾഫിൽ ദിക്ഷാ സാഗറും അതിഥി അശോകും മൂന്നാം റൗണ്ട് മത്സരത്തിനെത്തും.
പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് ഇന്നലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചു.
‘ഗുസ്തി ജയിച്ചു. ഞാൻ തോറ്റു. ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എൻ്റെ ധൈര്യം എല്ലാം തകർന്നു, ഇതിൽ കൂടുതൽ കരുത്ത് എനിക്കില്ല. വിട ഗുസ്തി 2001-2024 . നിങ്ങളോടെല്ലാം ഞാൻ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എക്സിൽ വിനേഷ് കുറിച്ചതിങ്ങനെയായിരുന്നു. വിനേഷിന്റെ വിരമിക്കൽ പ്രഖ്യാപനം ഞെട്ടലോടെയാണ് ലോകം കേട്ടത്. പുലർച്ചെയാണ് വിരമിക്കൽ പ്രഖ്യാപനം വിനേഷ് ട്വീറ്റ് ചെയ്തത്.
ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ ഇന്നലെയാണ് വിനേഷിനെ അയോഗ്യയാക്കിയ തീരമാനമെത്തിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.