'മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടി'; രാഹുലിനും കോൺഗ്രസ് നേതാക്കൾക്കും വക്കീൽ നോട്ടീസ് അയച്ച് വിനോദ് താവ്ഡെ
|മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വിനോദ് താവ്ഡെ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന് ആരോപണമുയർന്നിരുന്നു.
ന്യൂഡൽഹി: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ വക്കീൽ നോട്ടീസ്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവർക്കാണ് വിനോദ് താവ്ഡെ നോട്ടീസ് അയച്ചിരിക്കുന്നത്. തനിക്കെതിരെയാ ആരോപണം പരസ്യമായി പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
തന്റെ കയ്യിൽനിന്ന് അഞ്ച് കോടി രൂപ പിടിച്ചെടുത്തെന്നാണ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സുപ്രിയ എന്നിവർ ആരോപിച്ചത്. തന്നെയും തന്റെ പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഇത്തരം ആരോപണമുന്നയിച്ചത്. ഇത് തനിക്ക് ഗുരുതര മാനഹാനി ഉണ്ടാക്കിയെന്നും നോട്ടീസിൽ പറയുന്നു.
कांग्रेस का एक ही काम है झूठ फैलाना!
— Vinod Tawde (@TawdeVinod) November 22, 2024
नालासोपारा वाले झूठे मामले में मैंने कांग्रेस अध्यक्ष मल्लिकार्जुन खड़गे, राहुल गाँधी और पार्टी प्रवक्ता सुप्रिया श्रीनेत को मानहानि का नोटिस भेजा है, क्योंकि उन्होंने इस मामले में झूठ फैलाकर मेरी और भारतीय जनता पार्टी की छवि को नुकसान… pic.twitter.com/ZO75yKSx8m
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് താവ്ഡെ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന് ആരോപണമുയർന്നത്. പൽഖാർ ജില്ലയിലെ വിരാറിലെ ഹോട്ടലിൽവെച്ച് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ താവ്ഡെയെയും സഹപ്രവർത്തകരെയും തടയുകയായിരുന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗിൽനിന്ന് നോട്ട് കെട്ടുകൾ ഉയർത്തിക്കാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ബിവിഎ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ 10 ലക്ഷത്തോളം രൂപയും ചില രേഖകളും കണ്ടെത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ ഇത് നിഷേധിച്ച് ബിജെപിയും താവ്ഡെയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളിൽ സംബന്ധിക്കാനാണ് വിനോദ് താവ്ഡെ എത്തിയത് എന്നാണ് ബിജെപി നിലപാട്.