കടയുടമക്കെതിരെ അതിക്രമം: ബെംഗളൂരുവിൽ കേന്ദ്രമന്ത്രിയും എം.പിയുമടക്കം 40 പേർ കസ്റ്റഡിയിൽ
|ഹിന്ദി ഗാനം ഉച്ചത്തിൽ വെച്ചതിന് ആക്രമിച്ചെന്നാണ് കടയുടമ പരാതിപ്പെട്ടതെന്നും പിന്നീട് ബാങ്ക് കൊടുക്കുമ്പോൾ ഹനുമാൻ ചാലിസ വെച്ചതിനാക്കിയെന്നും ഹലാസുരു ഗേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ
ബെംഗളൂരു:ബാങ്ക് കൊടുക്കുന്നതിനിടെ ഹനുമാൻ ചാലിസ പ്ലേ ചെയ്തതിന് ഹിന്ദു കടയുടമ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ച കേന്ദ്രമന്ത്രിയും എം.പിയുമടക്കം 40ലധികം പേരെ ബെംഗളൂരു പൊലീസ് മുൻകരുതൽ കസ്റ്റഡിയിലെടുത്തു. കേന്ദ്ര കൃഷി-കർഷക ക്ഷേമ സഹമന്ത്രി ശോഭ കരന്തലജെ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരടക്കമുള്ളവരെയാണ് ഇന്ന് ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗറത്ത്‌പേട്ടിലെ ഇടുങ്ങിയ തെരുവുകളിൽ നിരവധി ഹിന്ദു അനുകൂല സംഘടനകൾ പ്രതിഷേധം നടത്തിയത് പ്രദേശത്തെ വ്യാപാരത്തെ ബാധിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടി.
ബാങ്കിന്റെ സമയത്ത് ഹനുമാൻ ചാലിസ - ഹിന്ദു ഭക്തിഗാനം വെച്ചതിന് മാർച്ച് 17ന് കൃഷ്ണ ടെലികോം ഉടമ മുകേഷിനെ മർദിക്കപ്പെട്ടുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഉച്ചത്തിൽ ഗാനം വെച്ച് ശല്യമുണ്ടാക്കിയതിനാണ് ആക്രമിക്കപ്പെട്ടതെന്ന് മുകേഷ് പറഞ്ഞതായാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്.
'ഞാൻ ഹനുമാൻ ചാലിസ ഗാനങ്ങൾ പ്ലേ ചെയ്യുകയായിരുന്നു, അപ്പോൾ ചില നാട്ടുകാർ വന്ന് എതിർത്തു. ബാങ്ക് കൊടുക്കുമ്പോൾ ഉച്ചത്തിൽ ഗാനം വെച്ചാൽ എന്റെ ഓഫീസ് തകർക്കുമെന്ന് പറഞ്ഞു. അത് ബാങ്കിന്റെ സമയമല്ലെന്ന് പറഞ്ഞപ്പോൾ അവർ എന്നെ വലിച്ചിഴച്ചു, ആക്രമിച്ചു' മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുകേഷിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പിടികൂടിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. സുലൈമാൻ, ഷാനവാസ്, രോഹിത് എന്നിവരെ തിങ്കളാഴ്ചയും തരുൺ, ജാഹിദ് എന്നിവരെ ചൊവ്വാഴ്ചയും അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹിന്ദി ഗാനം ഉച്ചത്തിൽ വെച്ചത് പ്രതികൾ ചോദ്യം ചെയ്തുവെന്നും തന്റെ കടയിൽ പാട്ട് വെക്കുന്നത് തന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞപ്പോൾ തന്നെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് മുകേഷ് പരാതിപ്പെട്ടതെന്ന് ഹലാസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, ബാങ്ക് കൊടുക്കുമ്പോൾ ഹനുമാൻ ചാലിസ വെച്ചതിന് തന്നെ ആക്രമിച്ചെന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മുകേഷ് ആരോപിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതിനിടെ, ബി.ജെ.പിയും കോൺഗ്രസും സംഭവത്തെച്ചൊല്ലി വാക്കുതർക്കം തുടരുകയാണ്.
'(സംസ്ഥാന മന്ത്രി) ദിനേഷ് ഗുണ്ടു റാവുവിന് സംഭവത്തെക്കുറിച്ച് ഇരയെക്കാൾ കൂടുതൽ അറിയാം. പ്രീണനത്തിനും കാപട്യത്തിനും ഒരു പരിധി വേണം. ഒരു പ്രാവശ്യമെങ്കിലും നീതിക്കുവേണ്ടി നിലകൊള്ളാൻ നട്ടെല്ല് കാണിക്കൂ' ബിജെപി എംപി തേജസ്വി സൂര്യ എക്സിൽ എഴുതി.
ഈ ട്വീറ്റിനെതിരെ തിരിച്ചടിച്ച് ആരോഗ്യ കുടുംബക്ഷേമ സംസ്ഥാന മന്ത്രി ദിനേഷ് ഗുണ്ടു റാവുഎക്സിൽ എഴുതി: ''പതിവ് പോലെ @തേജസ്വി_സൂര്യ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ഹിന്ദു കടയുടമയെ ആക്രമിച്ച ആൺകുട്ടികൾ ഹിന്ദുക്കളും മുസ്‌ലിംകളുമാണ്. ബാങ്കിന്റെ പേരിൽ ഹിന്ദുക്കൾ എന്തിനാണ് ഒരു ഹിന്ദു കടയുടമയെ ആക്രമിക്കുന്നത്. ഹനുമാൻ ചാലിസയാണ് വെച്ചതെന്ന് ആരാണ് പറഞ്ഞത്? ബാങ്ക് Vs ഭജന വഴക്കായിരുന്നു എന്ന നിഗമനത്തിലെത്താൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്? എന്തായാലും, തെറ്റായി പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണം, എന്നാൽ ബിജെപിയിലെ ഈ യുവനേതാവ് വിലകുറഞ്ഞ രാഷ്ട്രീയം നടത്തുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു'.
സംഭവത്തിൽ ഹലാസുരു ഗേറ്റ് പൊലീസ് സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം കേസെടുത്തു. 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 504 (പ്രകോപനം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ) എന്നിവയും ചുമത്തിയിട്ടുണ്ട്. സുലൈമാൻ, ഷാനവാസ്, രോഹിത്, ഡയാനിഷ്, തരുൺ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.