India
mob throws EVM in a pond
India

ബംഗാളില്‍ വോട്ടെടുപ്പിനിടെ രോഷാകുലരായ ജനക്കൂട്ടം ഇവിഎം കുളത്തിലേക്കെറിഞ്ഞു

Web Desk
|
1 Jun 2024 5:33 AM GMT

ചില പോളിങ് ഏജൻ്റുമാർക്ക് പോളിംഗ് ബൂത്തിനകത്ത് ഹാജരാകാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഭവം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ രോഷാകുലരായ ജനക്കൂട്ടം ഇവിഎം കുളത്തിലേക്കെറിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിനിടെ കുൽത്താലിയിലെ 40, 41 ബൂത്തുകളിലെ പോളിങ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ ജനക്കൂട്ടം ഇവിഎം മെഷീൻ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ചില പോളിങ് ഏജൻ്റുമാർക്ക് പോളിംഗ് ബൂത്തിനകത്ത് ഹാജരാകാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സംഭവം. എന്നാല്‍ തൃണമൂൽ കോൺഗ്രസ് അനുഭാവികൾ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ജനക്കൂട്ടം പ്രകോപിതരായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ''സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെക്ടറിന് കീഴിലുള്ള ആറ് ബൂത്തുകളിലും വോട്ടെടുപ്പ് നടപടികൾ തടസ്സമില്ലാതെ നടക്കുന്നു. പുതിയ ഇവിഎമ്മും പേപ്പറുകളും സെക്ടർ ഓഫീസർക്ക് നൽകിയിട്ടുണ്ട്," പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, കൊൽക്കത്തയിലെ ജാദവ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ ഭംഗറിലെ സതുലിയ പ്രദേശത്ത് നിന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐഎസ്എഫ്), സിപിഐ (എം) എന്നിവയുടെ പ്രവർത്തകർക്കും അനുഭാവികൾക്കും നേരെ ആക്രമണം നടന്നുവെന്നാരോപിച്ച് രാവിലെ അക്രമസംഭവങ്ങൾ അരങ്ങേറി.ഏറ്റുമുട്ടലിൽ നിരവധി ഐഎസ്എഫ് അംഗങ്ങൾക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്നും തദ്ദേശ നിർമിത ബോംബുകള്‍ കണ്ടെത്തിയത് സ്ഥിതി വഷളാക്കി.

ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ബംഗാളിലെ ഒന്‍പത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദം ഡം, ബരാസത്, ബസിർഹത്ത്, ജയ്‌നഗർ, മഥുരാപൂർ, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, കൊൽക്കത്ത ദക്ഷിണ്‍, കൊൽക്കത്ത ഉത്തർ സീറ്റുകളിൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

Similar Posts