തിരുപ്പതി ക്ഷേത്രത്തിൽ 'വി.ഐ.പി ദർശനത്തി'ന് 10,500 ഈടാക്കി, പ്രവേശനം അനുവദിച്ചില്ല; ദുരനുഭവം കരഞ്ഞുപറഞ്ഞ് നടി അർച്ചന ഗൗതം
|2018ലെ മിസ് ബിക്കിനി ഇന്ത്യയായ അർച്ചന ഗൗതം ഇത്തവണ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു
അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽനിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് നടിയും മോഡലുമായ അർച്ചന ഗൗതം. തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനത്തിനായി 10,500 രൂപ വാങ്ങിയെന്നാണ് ആരോപണം. പണം നൽകിയിട്ടും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്ന് നടി ആരോപിച്ചു.
ട്വിറ്റർ ലൈവിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷേത്രത്തിനു മുന്നിൽനിന്ന് കരഞ്ഞുകൊണ്ടായിരുന്നു അർച്ചനയുടെ ലൈവ്. വിഡിയോക്കിടെ ക്ഷേത്രത്തിലെ അധികൃതർ തടയാൻ ശ്രമിക്കുന്നുണ്ട്. വലിയ തുക ദർശനത്തിനുള്ള ഫീയായി വാങ്ങിയിട്ടും ക്ഷേത്രത്തിലേക്ക് പ്രവേശനം പോലും അനുവദിച്ചില്ലെന്നും വിഡിയോയിൽ പരാതി പറയുന്നുണ്ട്.
തിരുപ്പതി ക്ഷേത്രം അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ജഗൻമോഹൻ റെഡ്ഡി സർക്കാരിനോട് അർച്ചന ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങൾ മതത്തിന്റെ പേരിലുള്ള കവർച്ചാകേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് അവർ ആരോപിച്ചു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ടാഗ് ചെയ്തായിരുന്നു വിഡിയോ പങ്കുവച്ചത്.
അതേസമയം, നടിയുടെ ആരോപണം തിരുമല തിരുപ്പതി ദേവാസ്ഥനംസ് അധികൃതർ നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ വിശ്വാസികൾ വഞ്ചിതരാകരുതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
2014ലെ മിസ് യു.പിയായ അർച്ചന ഗൗതം ഇത്തവണ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഹസ്തിനപൂർ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടിയത്. 2018ൽ മിസ് ബിക്കിനി ഇന്ത്യയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മിസ് കോസ്‌മോസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ബോളിവുഡിനു പുറമെ തെന്നിന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് നടി.
Summary: 'Charged Rs 10,500 in the name of VIP darshan': Actress Archana Gautam denied entry at Tirupati Temple in Andhra Pradesh