'വിരാട് കോഹ്ലി എന്റെ ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുണ്ട്'; ആരും ഓർക്കുന്നില്ലെന്ന് തേജസ്വി യാദവ്
|2008ൽ ഐപിഎല്ലിന്റെ കന്നി സീസണിലാണ് പഴയ ഡൽഹി ഡെയർഡെവിൽസ് തേജസ്വിയെ ലേലത്തിൽ വിളിച്ചെടുക്കുന്നത്
പാട്ന: ക്രിക്കറ്റുമായുള്ള ബന്ധം വെളിപ്പെടുത്തി ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി തനിക്കു കീഴിൽ കളിച്ചിട്ടുണ്ടെന്ന് തേജസ്വി വെളിപ്പെടുത്തി. ഇന്ത്യൻ ടീമിലുള്ള പലർക്കൊപ്പവും താൻ കളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'സീ മീഡിയ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് തേജസ്വി ക്രിക്കറ്റ് കരിയറിനെ കുറിച്ച് മനസ്സുതുറന്നത്. ഞാനൊരു ക്രിക്കറ്ററായിരുന്നു. ആരും അതേക്കുറിച്ച് പറയുന്നില്ല. വിരാട് കോഹ്ലി എന്റെ ക്യാപ്റ്റൻസിക്കു കീഴിൽ കളിച്ചിട്ടുണ്ട്. അത് ആരെങ്കിലും ഓർക്കുന്നുണ്ടോ? പ്രൊഫഷനൽ ക്രിക്കറ്ററായിരുന്നു താനെന്നും ആർജെഡി ആചാര്യൻ ലാലുപ്രസാദ് യാദവിന്റെ മകൻ കൂടിയായ തേജസ്വി പറഞ്ഞു.
ഇന്ത്യൻ ടീമിലുള്ള പല താരങ്ങളും തന്റെ സഹതാരങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മുട്ടിന്റെയും ലിഗ്മെന്റുകൾ ഇളകിയതിനെ തുടർന്നാണ് കളി നിർത്തേണ്ടിവന്നത്. താനൊരു പ്രൊഫഷനൽ ക്രിക്കറ്ററായിരുന്നുവെന്ന കാര്യം ആളുകൾ ഓർക്കുന്നില്ലെന്നും തേജസ്വി സങ്കടം പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ ഏഴ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് തേജസ്വി. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക്(ഐപിഎൽ) തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ജാർഖണ്ഡിനു വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയിരുന്നത്. ഒരു ഫസ്റ്റ് ക്ലാസ്, രണ്ട് ലിസ്റ്റ് എ, നാല് ടി20 എന്നിങ്ങനെ മത്സരങ്ങളിലാണ് പാഡണിഞ്ഞത്. ടി20യിൽ 37 റൺസെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.
2009ലാണ് ജാർഖണ്ഡിനു വേണ്ടി ഒരു ടി20 മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ത്രിപുരയ്ക്കെതിരെയായിരുന്നു ഈ മത്സരം. അവസാനമായി കളിച്ചത് 2010 ഫെബ്രുവരിയിലും. ഇതും ത്രിപുരയ്ക്കെതിരെ തന്നെയായിരുന്നു.
2008ൽ ഐപിഎല്ലിന്റെ കന്നി സീസണിലാണ് പഴയ ഡൽഹി ഡെയർഡെവിൽസ്(ഇന്നത്തെ ഡൽഹി കാപിറ്റൽസ്) തേജസ്വിയെ ലേലത്തിൽ വിളിച്ചെടുക്കുന്നത്. 2012 വരെ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ഒരൊറ്റ മത്സരത്തിലും ഡൽഹി കുപ്പായമിട്ട് കളത്തിലിറങ്ങാൻ ഭാഗ്യമുണ്ടായില്ല.
പത്താം ക്ലാസ് പോലും പാസാകാനാകാത്തയാളാണ് തേജസ്വി യാദവെന്നും അങ്ങനെയുള്ളൊരാൾ എങ്ങനെയാണ് ബിഹാറിനെ നയിക്കുകയെന്നും നേരത്തെ ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ വിമർശിച്ചിരുന്നു. ഇത്തരം വിമർശനങ്ങളോടുള്ള പ്രതികരണമായായിരുന്നു തേജസ്വിയുടെ ക്രിക്കറ്റ് കരിയറിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ.
ജീവിതസാഹചര്യം പ്രതികൂലമായതുകൊണ്ട് വിദ്യാഭ്യാസം ലഭിക്കാത്തതു മനസിലാക്കാം. എന്നാൽ, ഒരാളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിമാരായിരുന്നിട്ടും ഒരാൾക്ക് പത്താം ക്ലാസ് പാസാകാനാട്ടില്ലെങ്കിൽ അത് അവരുടെ വിദ്യാഭ്യാസത്തോടുള്ള സമീപനമാണു വെളിപ്പെടുത്തുന്നതെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമർശനം. ഒൻപതാം ക്ലാസിൽ പഠനം നിർത്തിയയാളാണ് ബിഹാറിന് വികസനത്തിലേക്കുള്ള വഴികാണിക്കുന്നത്. ജിഡിപിയും ജിഡിപി വളർച്ചയും തമ്മിലുള്ള വ്യത്യാസം പോലും മര്യാദയ്ക്ക് അറിയാത്തയാളാണ്. എന്നിട്ടാണ് ബിഹാറിനെ വികസനത്തിലേക്കു നയിക്കുമെന്ന് അയാൾ അവകാശപ്പെടുന്നതെന്നുമെല്ലാം പ്രശാന്ത് കിഷോർ തേജസ്വിയെ കടന്നാക്രമിച്ചിരുന്നു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിഹാർ യാത്രയ്ക്കു തുടക്കമിട്ടിരിക്കുകയാണ് തേജസ്വി യാദവ്. ആഭാർ യാത്ര എന്ന പേരിട്ടിരിക്കുന്ന ജനസമ്പർക്ക പരിപാടി കഴിഞ്ഞ ചൊവ്വാഴ്ച സമസ്തിപൂരിലാണ് ആരംഭിച്ചത്. തെരഞ്ഞെടുപ്പിനുമുൻപ് ജനവികാരം തൊട്ടറിയുകയും പാർട്ടി സംവിധാനങ്ങൾക്ക് ഉണർവേകുകയുമാണു യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
Summary: 'Virat Kohli played under my captaincy and no one talks about it': Tejashwi Yadav