'പ്രാണപ്രതിഷ്ഠയിൽ ആചാര ലംഘനമില്ല'; ശങ്കരാചാര്യന്മാർക്കെതിരെ വിശ്വഹിന്ദു പരിഷത്ത്
|നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അപൂർണം എന്ന് വിമർശിച്ച ശങ്കരാചാര്യന്മാർക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. 22- ാം തീയതി നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ യാതൊരു ആചാരലംഘനവും ഇല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അവകാശപ്പെട്ടു.
നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്. ഈ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ ബിജെപി പ്രതിരോധത്തിലായി. മതപണ്ഡിതന്മാർക്ക് മറുപടി നൽകാൻ കഴിയാതിരുന്ന ബിജെപിയെ സഹായിക്കാനാണ് ഇപ്പോൾ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്.
ശങ്കരാചാര്യന്മാരുടെ ആരോപണങ്ങൾക്ക് മറുപടി നൽകി വിവാദങ്ങൾ സൃഷ്ടിക്കേണ്ട എന്നാണ് മുതിർന്ന ബി.ജെ.പി നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും നേരത്തെ പ്രധാനമന്ത്രി നിർദേശം നൽകിയത്. ഈ മാസം 22ന് അയോധ്യക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ആചാരലംഘനം ഇല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡണ്ട് അലോക് കുമാർ അവകാശപ്പെടുന്നത്. പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുൻപ് ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് മത നിയമങ്ങൾ പറയുന്നത്.
പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ആചാരലംഘനം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ സംഭവിക്കുന്നില്ലെന്നും ബി.ജെ.പിയെ ന്യായീകരിച്ച് സംഘപരിവാർ നേതാവ് പറഞ്ഞു. അതേസമയം,പ്രതിഷ്ഠയ്ക്കായി തെരഞ്ഞെടുത്ത ശ്രീരാമവിഗ്രഹം ഇന്ന് ക്ഷേത്രത്തിനുള്ളിൽ എത്തിക്കും. ഒരാഴ്ച നീളുന്ന ചടങ്ങുകളുടെ ഭാഗമായാണ് ഇന്ന് പ്രതിഷ്ഠിക്കാനുള്ള ശ്രീരാമവിഗ്രഹം ക്ഷേത്രത്തിൽ എത്തുക. വിവിധ നദികളിലെ പുണ്യജലങ്ങളിൽ ശ്രീരാമ വിഗ്രഹത്തിന്റെ ആറാട്ട് ഇന്ന് നടക്കും. പ്രാണ പ്രതിഷ്ഠക്കുശേഷം ഈ മാസം 23 മുതലാണ് പൊതുജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിക്കുക. അതുകൊണ്ടുതന്നെ ഇന്ന് ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ എത്തുന്ന വിഗ്രഹം ജനങ്ങൾക്ക് കാണാൻ സാധിക്കുകയില്ല.