India
Arvind Kejrival
India

'എംഎല്‍എമാര്‍ ദിവസവും മണ്ഡലം സന്ദര്‍ശിക്കണം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം'; ജയിലില്‍ നിന്ന് കെജ്രിവാള്‍

Web Desk
|
4 April 2024 9:16 AM GMT

ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ തന്റെ കുടുംബമാണ്. ഒരു കാരണത്താലും ആരും പ്രയാസപ്പെടരുതെന്നും കെജ്രിവാള്‍

ഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്ക് സന്ദേശവുമായി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എംഎല്‍എമാര്‍ ദിവസേനയെന്നോണം സ്വന്തം മണ്ഡലങ്ങള്‍ സന്ദര്‍ശിക്കണമെന്നും ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കണമെന്നും കെജ്രിവാള്‍ സന്ദേശത്തില്‍ അറിയിച്ചു.

കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളാണ് സമൂഹമാധ്യമത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം പങ്കുവച്ചത്. നിങ്ങളുടെ കെജ്രിവാള്‍ എല്ലാ എംഎല്‍എമാര്‍ക്കുമായി ജയിലില്‍ നിന്നും ഒരു സന്ദേശം അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ളതാണ് സുനിത കെജ്രിവാളിന്റെ വിഡിയോ. ജയിലഴിക്കുള്ളില്‍ നില്‍ക്കുന്ന കെജ്രിവാളിന്റെ ചിത്രവും വിഡിയോവില്‍ കാണാം.

താന്‍ ജയിലിലാണെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ ഒരിക്കലും ബുദ്ധിമുട്ടിലാവില്ലെന്നാണ് കെജ്രിവാള്‍ പറയുന്നത്. എല്ലാ എംഎല്‍എമാരും എല്ലാ ദിവസവും സ്വന്തം മണ്ഡലങ്ങള്‍ സന്ദര്‍ശിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കണമെന്നും അരവിന്ദ് കെജ്രിവാള്‍ സന്ദേശത്തില്‍ പറയുന്നു.

സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചല്ല താന്‍ പറയുന്നതെന്നും ജനങ്ങളുടെ മറ്റു പ്രശ്‌നങ്ങളും നാം പരിഹരിക്കണമെന്നും അദ്ദേഹം പറയുന്നു. ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ തന്റെ കുടുംബമാണ്. ഒരു കാരണത്താലും ആരും പ്രയാസപ്പെടരുതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21 നാണ് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ തിഹാര്‍ ജയിലിലാണ് അദ്ദേഹം.


Similar Posts