'ജനങ്ങളാണ് കഷ്ടപ്പെടുന്നതും മരിക്കുന്നതും'; അന്ധേരിയിലെ വെള്ളക്കെട്ടില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിവേക് അഗ്നിഹോത്രി
|തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായി
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിലെ അന്ധേരി സബ്വേയിൽ എല്ലാ വര്‍ഷവും വെള്ളക്കെട്ടുണ്ടാകുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് വിവേക് അഗ്നിഹോത്രി.പതിറ്റാണ്ടുകളായി നഗരത്തെ അലട്ടുന്ന പ്രശ്നം ഉയർത്തിക്കാട്ടുമ്പോൾ അദ്ദേഹം സർക്കാരിനെ പരിഹസിച്ചു. തിങ്കളാഴ്ച രാവിലെ പെയ്ത കനത്ത മഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകള്‍ പുലർച്ചെ നിർത്തിവയ്ക്കുകയും നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു വിവേകിന്റെ പ്രതികരണം. എല്ലാ മഴക്കാലത്തും സബ്വേയില് തുടര്‍ച്ചയായി വെള്ളപ്പൊക്കമുണ്ടാകുന്നതില് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.''കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ മുംബൈയില്‍ താമസിക്കുന്നു. എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ പരാജയപ്പെടുന്നുണ്ടെങ്കിലും വെള്ളക്കെട്ടിന്റെ കാര്യത്തില്‍ ഈ സബ്വേ ഒരിക്കലും പരാജയപ്പെടുന്നില്ല. വെള്ളക്കെട്ട് പരിഹരിക്കുമെന്ന് സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും ഫലവത്തായില്ല. ജനങ്ങള്‍ കഷ്ടപ്പെടുന്നു, അവര്‍ മരിക്കുന്നു... എന്തായാലും അവര്‍ ആരാണ്?''സംവിധായകന് കുറിച്ചു.
വിവേകിന്റെ പോസ്റ്റിന് പിന്നാലെ നിരവധി മുംബൈക്കാര്‍ ഉത്തരവാദിത്തത്തിൻ്റെ അഭാവത്തെക്കുറിച്ചും പ്രശ്നം പരിഹരിക്കാനുള്ള ഫലപ്രദമായ പരിഹാരങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചു. "എഴുപതുകളിലെ എൻ്റെ സ്കൂൾ കാലം മുതൽ ഈ സബ്വേയിൽ വർഷം തോറും വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഞാൻ കണ്ടിട്ടുണ്ട്. സത്യം പറഞ്ഞാൽ, സബ്വേ 20 അടി ഉയർത്തിയില്ലെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാനാവില്ല'' ഒരാള്‍ കുറിച്ചു. "നഗരം നന്നാക്കാനാകാത്തവിധം നശിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം സത്യമായ കാര്യമാണ്. നല്ല അടിസ്ഥാന സൗകര്യങ്ങളുള്ള ലോകത്തിലെ പല മികച്ച നഗരങ്ങളും പ്രതീക്ഷിച്ചതിലും ആസൂത്രണം ചെയ്തതിലും അൽപം കഠിനമായ കാലാവസ്ഥ കാരണം മോശം സമയമാണ് നേരിടുന്നത്?" നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു.